ഫിയോറെന്റീനക്കെതിരെയുള്ള തോൽവി, രോഷം പ്രകടിപ്പിച്ച് ക്രിസ്റ്റ്യാനോ !

കഴിഞ്ഞ ദിവസം സിരി എയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു യുവന്റസ് ഫിയോറെന്റീനയോട് തകർന്നടിഞ്ഞത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുൾപ്പെടുന്ന സൂപ്പർ താരനിര ഇറങ്ങിയിട്ടും യുവന്റസിന് ഒന്നും ചെയ്യാനാവാതെ പോവുകയായിരുന്നു. മത്സരശേഷം താരങ്ങളുടെ മനോഭാവത്തെ പരിശീലകൻ ആൻഡ്രിയ പിർലോ വിമർശിക്കുകയും ചെയ്തിരുന്നു. ഏതായാലും നാണംകെട്ട തോൽവിയിൽ രോഷം പ്രകടിപ്പിച്ചിരിക്കുകയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വളരെ ദയനീയമായ പ്രകടനമാണ് ടീമിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും മത്സരം ഫലം അംഗീകരിക്കാനാവാത്തതാണ് എന്നുമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അറിയിച്ചത്. എന്നാൽ ഈയൊരു ഹോളിഡേക്ക്‌ ശേഷം ടീം പൂർവാധികം ശക്തിയോടെ തിരിച്ചു വരുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ അറിയിച്ചു. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് റൊണാൾഡോ മത്സരശേഷം പ്രതികരണമറിയിച്ചത്.

“ദയനീയമായ പ്രകടനമായിരുന്നു ഇന്നലെ ടീമിന്റെ ഭാഗത്തു നിന്നുണ്ടായത്. മാത്രമല്ല മത്സരഫലം അംഗീകരിക്കാനാവാത്തതുമാണ്. ഈ വർഷത്തെ ഷെഡ്യൂളുകൾ ഞങ്ങൾ പൂർത്തിയാക്കി. പല കാര്യങ്ങളിലും ഇതൊരു പ്രത്യേകത നിറഞ്ഞ വർഷമായിരുന്നു. ആരാധകർ ഇല്ലാത്ത സ്റ്റേഡിയങ്ങൾ, കോവിഡ് പ്രോട്ടോകോളുകൾ, മത്സരം നിർത്തിവെച്ചത്, തുടർച്ചയായ മത്സരങ്ങൾ എല്ലാം തന്നെ ഈ വർഷം നേരിടേണ്ടി വന്നു. ഏതായാലും ഈ ഹോളിഡേ ഞങ്ങളെ പൂർവാധികം ശക്തിയോടെ തിരിച്ചു വരാൻ സഹായിക്കുമെന്നാണ് ഞാൻ കരുതുന്നത്. കൂടുതൽ ഒത്തൊരുമ ഞങ്ങൾ പ്രകടിപ്പിക്കേണ്ടതുണ്ട്. കാരണം ഈ സീസൺ ഏറെ നീളമേറിയതാണ്. ഇതിന്റെ അവസാനം, ഒരിക്കൽ കൂടി കിരീടനേട്ടത്തോടെ ആഘോഷിക്കാമെന്ന് ഞാൻ വിശ്വസിക്കുന്നു ” റൊണാൾഡോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *