പ്രഹരശേഷി വർധിച്ച് ക്രിസ്റ്റ്യാനോ-മൊറാറ്റ സഖ്യം, കണക്കുകൾ ഇങ്ങനെ !

ഇന്ന് സിരി എയിൽ ജെനോവയെ നേരിടാനുള്ള ഒരുക്കത്തിലാണ് യുവന്റസ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 10:30-നാണ് യുവന്റസ് ജെനോവയെ അവരുടെ മൈതാനത്ത് വെച്ച് നേരിടുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കരുത്തരായ ബാഴ്‌സയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്‌ തറപ്പറ്റിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് യുവന്റസ്. കഴിഞ്ഞ ഒമ്പത് മത്സരങ്ങളിൽ യുവന്റസ് പരാജയമറിഞ്ഞിട്ടില്ല എന്നുള്ളത് പിർലോക്ക്‌ ആശ്വാസകരമായ കാര്യമാണ്. അതിലേറെ ആശ്വാസം നൽകുന്ന മറ്റൊരു കാര്യം ക്രിസ്റ്റ്യാനോ-മൊറാറ്റ സഖ്യത്തിന്റെ തകർപ്പൻ ഫോമാണ്. നിലവിൽ യുവന്റസിന്റെ വിജയകുതിപ്പുകളുടെയെല്ലാം പിന്നിൽ ഇരുവരുടെയും സാന്നിധ്യമുണ്ട്. ഇരുവരും ഒരുമിച്ച് കളിച്ച എട്ട് മത്സരങ്ങളിൽ നിന്ന് പതിനാറ് ഗോളുകളാണ് ഈ സഖ്യം അടിച്ചു കൂട്ടിയത്. അതായത് ശരാശരി വെച്ച് നോക്കിയാൽ ഓരോ മത്സരത്തിലും രണ്ട് ഗോളുകൾ വീതം നേടി.

ഈ സീസണിൽ യുവന്റസ് നേടി എഴുപത് ശതമാനം ഗോളുകളും ഇരുവരുടെയും വകയാണ്. പത്ത് മത്സരങ്ങളിൽ നിന്ന് പന്ത്രണ്ട് ഗോളുകൾ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയപ്പോൾ പതിമൂന്ന് മത്സരങ്ങളിൽ ഒമ്പത് ഗോളുകൾ അൽവാരോ മൊറാറ്റ നേടിയിട്ടുണ്ട്. ശേഷിച്ച ഗോളുകൾ ഇങ്ങനെയാണ്. കുലുസെവ്സ്ക്കി (2), ബൊനൂച്ചി (2), മക്കെന്നി (2), ദിബാല (1) എന്നിങ്ങനെയാണ് കണക്കുകൾ. അതേസമയം പിർലോക്ക്‌ ആശങ്കക്ക്‌ നൽകുന്നത് ദിബാലയുടെ മോശം ഫോമാണ്. പരിക്കിൽ നിന്ന് മുക്തനായ താരത്തിന് ഇതുവരെ താളം കണ്ടെത്താൻ സാധിച്ചിട്ടില്ല. നിലവിൽ സിരി എയിൽ അഞ്ചാം സ്ഥാനത്താണ് യുവന്റസ്. ഒന്നാം സ്ഥാനക്കാരായ എസി മിലാനുമായി ആറു പോയിന്റിന്റെ വിത്യാസമുണ്ട് യുവന്റസിന്.

Leave a Reply

Your email address will not be published. Required fields are marked *