പൌലോ റോസ്സി അവാർഡ് ജേതാവാകുന്ന ആദ്യത്തെ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ!

കഴിഞ്ഞ ഡിസംബർ മാസമായിരുന്നു ഇറ്റാലിയൻ ഇതിഹാസതാരമായ പൌലോ റോസ്സി ലോകത്തോട് വിടപറഞ്ഞത്. ഇറ്റാലിയൻ ടീമിനൊപ്പം വേൾഡ് കപ്പിൽ മുത്തമിട്ട ഇതിഹാസമായിരുന്നു പൌലോ റോസ്സി. ഇദ്ദേഹത്തിനോടുള്ള ആദരാർത്ഥം സിരി എ അധികൃതർ ലീഗിലെ ടോപ് സ്‌കോറർക്ക്‌ നൽകുന്ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയിരുന്നു. അതായത് സിരി എയിൽ ഏറ്റവും കൂടുതൽ ഗോളടിക്കുന്ന താരത്തിനുള്ള അവാർഡ് കാപോകന്നോനിയറെ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഇതാണിപ്പോൾ പുനർനാമകരണം ചെയ്തിരിക്കുന്നത്. ഈ വർഷമാണ് ഈ പുരസ്‌കാരത്തിന് പൌലോ റോസ്സി അവാർഡ് എന്ന പേര് നൽകിയത്.

ഈ പേരിലുള്ള ആദ്യത്തെ അവാർഡ് സ്വീകരിക്കുന്ന താരം മറ്റാരുമല്ല. സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. കഴിഞ്ഞ സീസണിൽ 29 ഗോളുകൾ യുവന്റസിനായി നേടിയ റൊണാൾഡോയാണ് സിരി എയിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരൻ. അത്കൊണ്ട് തന്നെ പൌലോ റോസ്സി അവാർഡ് നേടുന്ന ആദ്യത്തെ താരമായി റൊണാൾഡോയുടെ പേരാണ് കുറിക്കപ്പെടുക.പേരിന് പുറമേ ട്രോഫിയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പൌലോ റോസ്സിയുടെ ചിത്രം ആലേഖനം ചെയ്ത ട്രോഫിയായിരിക്കും റൊണാൾഡോക്ക്‌ ലഭിക്കുക. കൂടാതെ 29 ഗോളുകളെ സൂചിപ്പിക്കുന്നതിനായി 29 ഡയമണ്ടുകൾ ട്രോഫിയിൽ പതിപ്പിക്കും.ഏതായാലും ഒരു ഇതിഹാസത്തിന്റെ പേരിലുള്ള ആദ്യത്തെ പുരസ്‌കാരം ഏറ്റുവാങ്ങുന്നത് മറ്റൊരു ഇതിഹാസമാണ് എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *