പെനാൽറ്റി പാഴാക്കി ദിബാലയും ഡാനിലോയും, കിരീടം കൈവിട്ട് യുവന്റസ്

ഇന്നലെ നടന്ന കോപ്പ ഇറ്റാലിയ ഫൈനലിൽ യുവന്റസിനെ മറികടന്ന് നാപോളി ജേതാക്കളായി. മത്സരസമയത്ത് ഇരുടീമുകൾക്കും ഗോളുകളൊന്നും കണ്ടെത്താനാവാതെ വന്നതോടെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് കിരീടജേതാക്കളെ നിർണയിച്ചത്. 4-2 നാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ യുവന്റസ് നാപോളിക്ക് മുൻപിൽ അടിയറവ് പറഞ്ഞത്. യുവന്റസ് താരങ്ങളായ ദിബാല, ഡാനിലോ എന്നിവർ പെനാൽറ്റി പാഴാക്കിയതാണ് യുവന്റസിനെ തോൽവിയിലേക്ക് നയിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുൾപ്പടെയുള്ള വമ്പൻ താരനിരയെ തന്നെ കളത്തിലേക്കിറക്കിയിട്ടും മത്സരത്തിൽ കാര്യമായ ചലനങ്ങളൊന്നും തന്നെ ഉണ്ടാക്കാൻ യുവന്റസിന് സാധിച്ചില്ല. മാത്രമല്ല പലപ്പോഴും പിഴച്ച യുവന്റസിനെ രക്ഷിച്ചത് ഗോൾ കീപ്പർ ബുഫണിന്റെ മിന്നും പ്രകടനമായിരുന്നു. സ്റ്റേഡിയോ ഒളിമ്പിക്കോയിൽ വെച്ച് നടന്ന മത്സരത്തിൽ യുവന്റസിനോട് കിടപിടിക്കുന്ന മത്സരം തന്നെയാണ് നാപോളി കാഴ്ച്ചവെച്ചത്. നാപോളിയുടെ ആറാം കോപ്പ ഇറ്റാലിയ കിരീടമാണിത്.

മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനായിരുന്നില്ല. ഒന്ന് രണ്ട് മികച്ച അവസരങ്ങൾ നാപോളിക്ക് ലഭിച്ചിരുന്നുവെങ്കിലും അതെല്ലാം ഫലം കാണാനാവാതെ പോവുകയായിരുന്നു. ഇതോടെ വിജയികളെ കണ്ടെത്താൻ പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടി വന്നു. യുവന്റസിന്റെ ആദ്യപെനാൽറ്റി എടുത്ത ദിബാലക്ക് തന്നെ പിഴക്കുകയായിരുന്നു. താരത്തിന്റെ പെനാൽറ്റി നാപോളി ഗോൾകീപ്പർ തടുത്തിട്ടു. നാപോളിക്ക് വേണ്ടി കിക്കെടുത്ത ഇൻസൈൻ ഗോൾ കണ്ടെത്തി. യുവന്റസിന്റെ രണ്ടാം പെനാൽറ്റി എടുത്ത ഡാനിലോക്കും പിഴച്ചു. താരത്തിന്റെ പെനാൽറ്റി ബാറിന് മുകളിലൂടെ വെളിയിലേക്ക് പോവുകയായിരുന്നു. പിന്നീട് ബൊനൂച്ചിയും റാംസിയും യുവന്റസിന് വേണ്ടി ലക്ഷ്യം കണ്ടെങ്കിലും പൊളിറ്റാനൊ, മാക്സിമോവിച്, മിലിക് എന്നീ താരങ്ങൾ എല്ലാവരും തന്നെ ബുഫണിനെ മറികടന്നതോടെ യുവന്റസിന് നാപോളിക്ക് മുൻപിൽ തലകുനിക്കേണ്ടി വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *