പിർലോ വിളിച്ചാൽ സന്തോഷം, യുവന്റസിന്റെ വിളിയും കാത്ത് ആർതുറോ വിദാൽ !

നിലവിലെ യുവന്റസ് പരിശീലകനും മുമ്പ് തന്റെ സഹതാരവുമായിരുന്ന ആൻഡ്രേ പിർലോ തന്നെ യുവന്റസിലോട്ട് വിളിച്ചാൽ താൻ സന്തോഷവാനായിരിക്കുമെന്ന് ആർതുറോ വിദാലിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം പ്രമുഖ യുട്യൂബർ ആയ ഡാനിയൽ ഹാബിഫിന് നൽകിയ അഭിമുഖത്തിലാണ് വിദാൽ ഇത്തരമൊരു പ്രസ്താവന നടത്തിയത്. നിലവിൽ ബാഴ്സ വിടുന്നതിന്റെ വക്കിലാണ് വിദാൽ. പുതിയ പരിശീലകൻ റൊണാൾഡ് കൂമാൻ താരത്തെ ആവിശ്യമില്ലെന്ന് അറിയിച്ചിരുന്നു. കൂടാതെ ഇന്നലത്തെ അഭിമുഖത്തിൽ വിദാൽ ബാഴ്സയെ വിമർശിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെയാണ് തനിക്ക് യുവന്റസിലേക്ക് മടങ്ങി എത്താനുള്ള ആഗ്രഹം വിദാൽ വെളിപ്പെടുത്തിയത്. യുവന്റസിന്റെ പരിശീലകനായി പിർലോ ചുമതലയേറ്റത് മികച്ച ഒരു തീരുമാനം ആണെന്നും ഫുട്‍ബോളിനെ കുറിച്ച് ഇത്രയധികം കാഴ്ച്ചപ്പാടുള്ള ഒരു താരം വളരെ കുറവാണ് എന്നും വിദാൽ അറിയിച്ചു. തങ്ങൾ നാലു വർഷം ഒരുമിച്ച് യുവന്റസിൽ ചിലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം തന്നെ വിളിച്ചാൽ അതിൽ സന്തോഷമേ ഒള്ളൂ എന്നുമാണ് വിദാൽ അറിയിച്ചത്.

” ഒരു അസാമാന്യനായ താരമാണ് പിർലോ. അദ്ദേഹം പരിശീലകനാവുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ.. ഫുട്‍ബോളിനെ കുറിച്ച് ഇത്രതോതിൽ യഥാർത്ഥ വിഷൻ ഉള്ള ഒരു താരം അപൂർവമാണ്. അത്കൊണ്ട് തന്നെ അദ്ദേഹം മികച്ച രീതിയിൽ യുവന്റസിനെ പരിശീലിപ്പിക്കും എന്നാണ് എനിക്ക് തോന്നുന്നത്. ഒരു മികച്ച വ്യക്തി കൂടിയാണ് പിർലോ. ഞങ്ങൾ ഒരുമിച്ച് നാലു വർഷം യുവന്റസിൽ കളിക്കുകയും നാലു സിരി എ കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. അത്കൊണ്ട് തന്നെ അദ്ദേഹം എന്നെ തിരിച്ചു വിളിച്ചാൽ ഞാൻ സന്തോഷവാനാകും. പരിശീലകൻ കോന്റെ ഒരു യന്ത്രത്തെ പോലെയാണ്.അദ്ദേഹത്തിന്റെ ടാക്റ്റിക്സ് മികച്ചതാണ്. എന്റെ ഭാവിയെ പറ്റി എനിക്ക് വേവലാതികൾ ഒന്നുമില്ല. എന്താണ് സംഭവിക്കുക എന്ന് കാത്തിരുന്നു കാണാം ” വിദാൽ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *