പിർലോ പുറത്തേക്ക്, പകരമെത്തുക ഈ പരിശീലകൻ!

യുവന്റസിന്റെ പരിശീലകൻ ആൻഡ്രിയ പിർലോയുടെ സ്ഥാനം ഉടൻ തന്നെ തെറിച്ചെക്കുമെന്ന് റിപ്പോർട്ടുകൾ. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റ് ആയ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഈ സീസണിലെ മോശം പ്രകടനമാണ് പിർലോയുടെ സ്ഥാനത്തിന് കോട്ടം തട്ടിക്കുന്നത്. ഒമ്പത് വർഷമായി തങ്ങൾ കൈവശം വെച്ചിരുന്ന സിരി എ യുവന്റസിന് നഷ്ടമായിരുന്നു. കൂടാതെ ചാമ്പ്യൻസ് ലീഗ് യോഗ്യത തന്നെ അവസാന നിമിഷം ലഭിച്ചതാണ്. ഏതായാലും പിർലോയുടെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു എന്ന് തന്നെയാണ് റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത്. അതേസമയം പകരക്കാരനായി കൊണ്ട് ടീമിലെത്തുക മുൻ പരിശീലകൻ മാസ്സിമിലിയാനോ അല്ലെഗ്രിയായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

അല്ലെഗ്രി യുവന്റസുമായി വാക്കാലുള്ള കരാറിൽ ഏർപ്പെട്ടു കഴിഞ്ഞു എന്നാണ് അറിയാൻ കഴിയുന്നത്.2014 മുതൽ 2019 വരെ യുവന്റസിനെ അല്ലെഗ്രി പരിശീലിപ്പിച്ചിട്ടുണ്ട്.5 സിരി എ കിരീടം നേടികൊടുത്ത അദ്ദേഹം ടീമിനെ രണ്ട് തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിലും എത്തിച്ചിട്ടുണ്ട്.53-കാരനായ ഇദ്ദേഹം യുവന്റസിൽ നിന്നും പുറത്തായതിന് ശേഷം മറ്റു ക്ലബുകളുടെ ഓഫറുകൾ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല.അതേസമയം ക്ലബ് വിട്ട അന്റോണിയോ കോന്റെക്ക് പകരം സിമോനെ ഇൻസാഗി ഇന്ററിന്റെ പരിശീലകനായി ചുമതലയേറ്റേക്കും.2016 മുതൽ ലാസിയോയുടെ പരിശീലകനാണ് ഇൻസാഗി.2019-ൽ ടീമിന് കോപ്പ ഇറ്റാലിയ നേടികൊടുത്തിട്ടുണ്ട്.ഈ സീസണിൽ ചാമ്പ്യൻമാരായ ഇന്ററിന് പിറകിൽ ആറാം സ്ഥാനത്താണ് ലാസിയോ ഫിനിഷ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *