പിൻവലിച്ചതിൽ അസന്തുഷ്ടനായി ക്രിസ്റ്റ്യാനോ, പ്രതികരണമറിയിച്ച് പിർലോ, വീഡിയോ!

ഇന്നലെ കോപ്പ ഇറ്റാലിയയിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ യുവന്റസ് ഇന്റർ മിലാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്തു വിട്ടിരുന്നു. മത്സരത്തിൽ യുവന്റസിന്റെ രണ്ടു ഗോളുകളും നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. ആദ്യ പകുതിയിലാണ് റൊണാൾഡോ ഈ രണ്ടു ഗോളുകളും നേടിയത്. എന്നാൽ രണ്ടാം പകുതിയുടെ 75-ആം മിനിറ്റിൽ റൊണാൾഡോയെ പരിശീലകൻ പിർലോ പിൻവലിച്ചിരുന്നു. ഇതിൽ തീർത്തും അസന്തുഷ്ടനായാണ് താരത്തെ കാണാനായത്. തന്നെ പിൻവലിച്ചത് ഇഷ്ടപ്പെടാത്ത ക്രിസ്റ്റ്യാനോ റൊണാൾഡോ പിർലോയോട് സംസാരിക്കുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. ഹാട്രിക് നേടാനുള്ള അവസരം മുന്നിൽ നിൽക്കെ പതിനഞ്ച് മിനുട്ടുകൾക്ക്‌ മുമ്പേ പിൻവലിച്ചതാണ് റൊണാൾഡോയെ അസംതൃപ്ത നാക്കിയത്.

എന്നാൽ ഈ വിഷയത്തിൽ പ്രതികരണമറിയിച്ചിരിക്കുകയാണ് യുവന്റസ് പരിശീലകൻ ആൻഡ്രിയ പിർലോ. ക്രിസ്റ്റ്യാനോയെ പിൻവലിച്ചത് ചാമ്പ്യൻഷിപ്പിനെ കുറിച്ച് ചിന്തിക്കുന്നത് കൊണ്ടാണ് എന്നാണ് പിർലോ പറഞ്ഞത്. ഫെബ്രുവരി പത്താം തിയ്യതിയാണ് രണ്ടാംപാദ സെമി ഫൈനൽ നടക്കുന്നത്. ” ഇത്തരമൊരു മത്സരത്തിൽ നിങ്ങൾ പുറത്തു പോകാൻ ആഗ്രഹിക്കില്ല എന്നുള്ളത് സാധാരണമായ കാര്യമാണ്. നിങ്ങൾക്ക് മത്സരം തുടരാനും അതുവഴി ടീമിനെ സഹായിക്കാനും ആഗ്രഹമുണ്ടാകും. പക്ഷേ നമ്മൾ എപ്പോഴും ചാമ്പ്യൻഷിപ്പിനെ കുറിച്ച് ചിന്തിക്കണം. അത്കൊണ്ട് തന്നെ കുറച്ചു മിനുട്ടുകൾ മത്സരത്തിൽ നിന്നും മാറി നിൽക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല ” പിർലോ ക്രിസ്റ്റ്യാനോയെ സബ് ചെയ്ത വിഷയത്തോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *