പരിക്കും സർജറിയും, യുവന്റസ് സൂപ്പർ താരം രണ്ട് മാസം പുറത്ത്!

യുവന്റസിന്റെ ബ്രസീലിയൻ മധ്യനിര താരമായ ആർതർ മെലോക്ക്‌ ഈ വരുന്ന സീസണിന്റെ തുടക്കം നഷ്ടമായേക്കും. പരിക്കാണ് താരത്തിന് വില്ലനായിരിക്കുന്നത്. കഴിഞ്ഞ ജനുവരി മുതലാണ് താരത്തിന്റെ വലതു കാലിനെ പരിക്ക് അലട്ടാൻ തുടങ്ങിയത്. ഇതിൽ നിന്നും മുക്തി നേടാൻ കഴിയാതെ വന്നതോടെ താരം സർജറിക്ക്‌ വിധേയനാവാൻ തീരുമാനിക്കുകയായിരുന്നു. ഇറ്റാലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ഇന്നാണ് ആർതർ സർജറി നടത്തുക. സർജറിക്ക്‌ ശേഷം ചുരുങ്ങിയത് രണ്ട് മാസമെങ്കിലും താരം പുറത്തിരിക്കേണ്ടി വന്നേക്കും.

യുവന്റസിന്റെ പ്രീ സീസണുമായി ബന്ധപ്പെട്ടു കൊണ്ടുള്ള പരിശീലനങ്ങൾ ആരംഭിച്ചിരുന്നു. ഇതിൽ പങ്കെടുക്കാൻ ആർതറിന് സാധിച്ചിരുന്നില്ല.കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ആർതർ എഫ്സി ബാഴ്സലോണയിൽ നിന്നും യുവന്റസിൽ എത്തിയത്.മിറലം പ്യാനിക്ക് ഉൾപ്പെട്ട ഡീലിൽ താരത്തിന് വേണ്ടി 72 മില്യൺ യൂറോയാണ് യുവന്റസ് ചിലവഴിച്ചിട്ടുള്ളത്.എന്നാൽ പിർലോക്ക്‌ കീഴിൽ സ്ഥിരസാന്നിധ്യമാവാൻ ആർതറിന് കഴിഞ്ഞിരുന്നില്ല. മാത്രമല്ല പരിക്ക് കാരണം കോപ്പ അമേരിക്ക കളിച്ച ബ്രസീലിയൻ ടീമിൽ ഇടം കണ്ടെത്താനും താരത്തിന് സാധിച്ചിരുന്നില്ല. ഏതായാലും താരം പരിക്കിൽ നിന്നും മുക്തനായി പൂർണ്ണ ഫോം വീണ്ടെടുക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഫുട്ബോൾ ലോകം.

Leave a Reply

Your email address will not be published. Required fields are marked *