പകരക്കാരനായി വന്ന് ഇരട്ടഗോൾ, മാസ്മരിക അരങ്ങേറ്റവുമായി ഇന്ററിന്റെ അർജന്റൈൻ താരം!
ദിവസങ്ങൾക്ക് മുമ്പായിരുന്നു ലാസിയോയുടെ അർജന്റൈൻ സ്‌ട്രൈക്കർ ജോക്കിൻ കൊറേയയെ ഇന്റർ ടീമിലേക്ക് എത്തിച്ചത്. ഇപ്പോഴിതാ ഒരു സ്വപ്നസമാനമായ തുടക്കമാണ് ജോക്കിൻ കൊറേയക്ക് തന്റെ പുതിയ ക്ലബ്ബിൽ ലഭിച്ചിരിക്കുന്നത്. പകരക്കാരനായി വന്നു കൊണ്ട് ഇരട്ട ഗോളുകൾ നേടി ടീമിന്റെ വിജയനായകനാവാൻ അരങ്ങേറ്റമത്സരത്തിൽ തന്നെ ജോക്കിൻ കൊറേയക്ക് സാധിക്കുകയായിരുന്നു. മത്സരത്തിൽ ഹെല്ലസ് വെറോണയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്റർ പരാജയപ്പെടുത്തിയത്. ഇന്ററിന്റെ ശേഷിച്ച ഗോൾ നേടിയത് മറ്റൊരു അർജന്റൈൻ താരമായ ലൗറ്ററോ മാർട്ടിനെസാണ്.ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാമത് എത്താൻ നിലവിലെ ചാമ്പ്യൻമാർക്ക് കഴിഞ്ഞു.
https://twitter.com/IFTVofficial/status/1431370776096264199?s=19
മത്സരത്തിൽ ഹെല്ലസ് വെറോണയായിരുന്നു ആദ്യം ലീഡ് നേടിയത്.15-ആം മിനിറ്റിലാണ് ഇലിച്ച് ഗോൾ നേടിയത്.എന്നാൽ 47-ആം മിനിറ്റിൽ ഒരു ഹെഡറിലൂടെ ലൗറ്ററോ മാർട്ടിനെസ് സമനില ഗോൾ നേടി.മത്സരത്തിന്റെ 74-ആം മിനുട്ടിൽ ലൗറ്ററോയുടെ പകരക്കാരനായാണ് ജോക്കിൻ വരുന്നത്.83-ആം മിനുട്ടിൽ ഡർമിയാന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ജോക്കിൻ വല കുലുക്കുകയായിരുന്നു. പിന്നാലെ 94-ആം മിനുട്ടിൽ ബറെല്ലയുടെ അസിസ്റ്റിൽ നിന്ന് ഒരു തവണ കൂടി ജോക്കിൻ കൊറേയ ഗോൾ കണ്ടെത്തിയതോടെ ഇന്ററിന്റെ വിജയം ഉറപ്പാവുകയായിരുന്നു.