നാപോളിക്കെതിരെ തോറ്റാൽ പിർലോയുടെ സ്ഥാനം തെറിച്ചേക്കും? പകരക്കാരായി പരിഗണിക്കുന്നത് ഇവരെ!

ഈ സീസണിൽ മോശം പ്രകടനമാണ് യുവന്റസിന്റെ ഭാഗത്തു നിന്നുണ്ടായി കൊണ്ടിരിക്കുന്നത് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവാൻ വഴിയില്ല. ചാമ്പ്യൻസ് ലീഗിൽ നിന്നും ക്വാർട്ടർ പോലും കാണാതെ പുറത്തായ യുവന്റസിന് ഇത്തവണ സിരി എ നഷ്ടപ്പെടുന്ന മട്ടാണ്. കഴിഞ്ഞ ഒമ്പത് വർഷമായി കൈവശം വെച്ച് പോന്നിരുന്ന സിരി എ കിരീടം ഇത്തവണ നഷ്ടപ്പെടുമോ എന്നുള്ള ഭീതിയിലാണ് യുവന്റസ്.നിലവിൽ നാലാം സ്ഥാനത്തുള്ള യുവന്റസ് ഒന്നാം സ്ഥാനക്കാരായ ഇന്ററുമായി 12 പോയിന്റിന്റെ വിത്യാസമുണ്ട്. അത്‌ കൊണ്ട് തന്നെ യുവന്റസിന്റെ കിരീടപ്രതീക്ഷകൾ പതിയെ അവസാനിക്കുകയാണ്.ഏതായാലും പരിശീലകൻ ആൻഡ്രിയ പിർലോയുടെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്.സിരി എയിൽ നടക്കുന്ന നാപോളിക്കെതിരെയുള്ള മത്സരത്തിൽ പരാജയപ്പെട്ടാൽ പിർലോയുടെ സ്ഥാനം തെറിക്കാൻ സാധ്യതയുണ്ട് എന്നാണ് കണ്ടെത്തലുകൾ.ലാ റിപ്പബ്ലിക്ക, സ്പോർട്ട്മീഡിയ സെറ്റ് എന്നീ മാധ്യമങ്ങളാണ് ഈയൊരു വാർത്ത പുറത്ത് വിട്ടിട്ടുള്ളത്.

പിർലോ പുറത്താക്കപ്പെടുകയാണെങ്കിൽ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയ ഇഗോർ ടുഡോറിനെ യുവന്റസ് താൽകാലിക പരിശീലകനാക്കി നിയമിക്കുമെന്നും ഇവർ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്.അതേസമയം പിർലോക്ക് പകരക്കാരനായി യുവന്റസ് പരിഗണിക്കുന്ന പേരുകളും ഈ മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.മാസിമിലിയാനോ അല്ലെഗ്രി തിരികെ എത്തിയേക്കുമെന്ന് ചൂണ്ടികാണിക്കുന്നുണ്ട്.എന്നാൽ 2018/19 സീസണിൽ ഇദ്ദേഹം യുവന്റസിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു.അത്കൊണ്ട് തന്നെ ക്ലബ് അധികൃതരുമായി നല്ല ബന്ധമല്ല അല്ലെഗ്രിക്കുള്ളത്. ഇതിനാൽ അദ്ദേഹം എത്താനുള്ള സാധ്യതയും കുറവാണ്.

അതേസമയം സിനദിൻ സിദാനെ പരിശീലകനാക്കുക എന്നുള്ളത് യുവന്റസിന്റെ സ്വപ്നമാണ്. എന്നാൽ അദ്ദേഹം റയൽ വിട്ടു വരാൻ സാധ്യതയില്ലാത്തതിനാൽ ഇത്‌ സ്വപ്നമായി തന്നെ ഇപ്പോഴും അവശേഷിക്കുകയാണ്.കൂടാതെ ഗാസ്പിറിനി,സിമോൺ ഇൻസാഗി,ലൂസിയാനോ സ്പല്ലേറ്റി എന്നീ പേരുകളും പരിഗണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *