താൻ മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും ഒപ്പമെത്തേണ്ട താരമാണെന്ന് വെസ്ലി സ്‌നൈഡർ

കഴിഞ്ഞു പത്ത് വർഷത്തിന് മുകളിലായി ഫുട്ബോൾ ലോകം അടക്കി ഭരിക്കുന്ന ഇതിഹാസങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും. ഇരുവരുടെയും ആധിപത്യത്തിന് വെല്ലുവിളിയുയർത്താൻ മറ്റൊരു താരം ഈ കാലയളവിൽ എത്തിയിട്ടില്ല എന്നതാണ് സത്യം. എന്നാൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും ഒപ്പമെത്തേണ്ട താരമാണ് താനെന്നും തനിക്കതിന് അർഹതയും കഴിവുമുണ്ടായിരുന്നുമെന്ന് പ്രസ്താവിച്ചിരിക്കുകയാണ് മുൻ നെതർലാൻഡ് സൂപ്പർ താരം വെസ്ലി സ്‌നൈഡർ. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്. പക്ഷെ അവരുടെ തലത്തിലേക്ക് എത്താൻ കഴിയാതെ പോയത് താൻ ജീവിതം ആസ്വദിച്ചത് കൊണ്ടാണെന്നും അദ്ദേഹം വെളിപ്പെടുത്തി. 2010-ൽ മെസ്സിക്ക് ഏറ്റവും വെല്ലുവിളി ഉയർത്തിയ താരങ്ങളിൽ ഒരാളായിരുന്നു സ്‌നൈഡർ. ആ വർഷത്തെ വേൾഡ് കപ്പിൽ ഹോളണ്ടിനെ ഫൈനലിൽ എത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത് താരമായിരുന്നു. കൂടാതെ ആ വർഷത്തെ ചാമ്പ്യൻസ് ലീഗ് കിരീടം ഇന്റർ നേടിയതും താരത്തിന്റെ മികവിലായിരുന്നു. അന്ന് ബാലൺ ഡിയോർ മെസ്സിക്ക് നൽകിയതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ലിസ്റ്റിൽ നാലാമത് എത്താനെ സ്‌നൈഡർക്ക് കഴിഞ്ഞിരുന്നുള്ളൂ.

” എനിക്ക് മെസ്സിയെ പോലെയോ ക്രിസ്റ്റ്യാനോയെ പോലെയോ ആവാൻ കഴിയുമായിരുന്നു. പക്ഷെ ഞാനത് ആയില്ല. അതിന് വ്യക്തമായ കാരണവുമുണ്ട്. ഞാൻ എന്റെ ജീവിതം ആസ്വദിച്ചു. മറ്റു കാര്യങ്ങളിൽ ഞാൻ ശ്രദ്ധ നൽകി. ക്രിസ്റ്റ്യാനോയും മെസ്സിയും വിത്യസ്തങ്ങളായ താരങ്ങളാണ്. അവർ അവരുടെ സ്ഥാനങ്ങളിൽ എത്തിച്ചേരുന്നതിന് വേണ്ടി ഒരുപാട് ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷെ ഞാൻ അങ്ങനെ ചെയ്തിട്ടില്ല. എന്തൊക്കെയായാലും എന്റെ കരിയർ മനോഹരമായിരുന്നു ” അഭിമുഖത്തിൽ സ്‌നൈഡർ പറഞ്ഞു. 2013 വരെ ഇന്ററിൽ തുടർന്ന താരം പിന്നീട് പരിക്ക് മൂലം തുർക്കി ക്ലബായ ഗലാറ്റ്സറെയിലേക്ക് എത്തുകയായിരുന്നു. പിന്നീട് 2019-ൽ അൽ ഖറാഫയിൽ പന്ത് തട്ടി. അയാക്സിലൂടെ ഉയർന്നു വന്ന താരം റയൽ മാഡ്രിഡ്‌ ജേഴ്‌സിയും അണിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *