ഡിബാലക്ക് പുറത്തേക്കുള്ള വഴി തെളിയിച്ചത് ആ സൂപ്പർ താരത്തിന്റെ വരവ് : തുറന്ന് സമ്മതിച്ച് യുവന്റസ് CEO!
യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാല ഈ സീസണോട് കൂടി ക്ലബ്ബ് വിടുമെന്നുള്ളത് ഉറപ്പായിട്ടുണ്ട്.ഫ്രീ ഏജന്റായി കൊണ്ടായിരിക്കും താരം യുവന്റസിനോട് വിട ചൊല്ലുക. കഴിഞ്ഞ ദിവസം താരത്തിന്റെ ഏജന്റും ക്ലബ്ബും തമ്മിൽ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് കൊണ്ട് ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.ഇതോടെയാണ് ഡിബാല ക്ലബ്ബ് വിടാൻ തീരുമാനിച്ചത്.
എന്നാൽ യുവന്റസിന്റെ വളരെ പ്രധാനപ്പെട്ട താരമായിരുന്ന ഡിബാലക്ക് ക്ലബ്ബിന്റെ പുറത്തേക്കുള്ള വഴി തെളിയിച്ചത് മറ്റൊരു സൂപ്പർതാരമായ ഡുസാൻ വ്ലഹോവിച്ചിന്റെ വരവാണ്.വ്ലഹോവിച്ച് ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ വന്നതോട് കൂടി ഡിബാലയുടെ കാര്യത്തിലുള്ള ക്ലബ്ബിന്റെ പദ്ധതികളെല്ലാം തന്നെ മാറി എന്നുള്ള കാര്യം യുവന്റസിന്റെ CEO ആയ മൗറിസിയോ അറിവബെനെ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.അറിവബെനെയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 22, 2022
” വളരെ സൗഹൃദപരമായ ബഹുമാനപൂർവ്വമുള്ള ഒരു ചർച്ചയാണ് ഞങ്ങൾ ഡിബാലയുടെ ഏജന്റുമായി നടത്തിയത്. ഞങ്ങൾ നല്ല രൂപത്തിൽ തന്നെയാണ് സമീപിച്ചത്.വ്ലഹോവിച്ച് വന്നതോടുകൂടി ക്ലബ്ബിന്റെ പ്രോജക്റ്റിന്റെ പ്രധാനതാരം അദ്ദേഹമായി മാറി.ഡിബാലയെ മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടത് ക്ലബ്ബാണ്.ഡുസാൻ വന്നതോടുകൂടി ക്ലബ്ബിന്റെ ഘടനയിലും പ്രൊജക്റ്റിലുമൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ട്. ആ മാറ്റങ്ങളുടെ ഭാഗമാണ് ഡിബാലയുടെ കരാർ പുതുക്കാൻ കഴിഞ്ഞില്ല എന്നുള്ളത്.ഡിബാലക്ക് ഒരു ചെറിയ ഓഫർ നൽകുക എന്നുള്ളത് എളുപ്പമുള്ള കാര്യമായിരുന്നില്ല.പക്ഷെ ക്ലബ്ബിന്റെ സാമ്പത്തികസ്ഥിതി അങ്ങനെയാണ്.ക്ലബ് എന്തെങ്കിലും ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അത് ക്ലബ്ബിന്റെ നല്ലതിന് വേണ്ടിയായിരിക്കും” ഇതാണ് യുവന്റസ് CEO പറഞ്ഞത്.
ഏഴ് വർഷം യുവന്റസിൽ ചിലവഴിച്ചതിനു ശേഷമാണ് ഇപ്പോൾ ഡിബാല ക്ലബ് വിടാനൊരുങ്ങി നിൽക്കുന്നത്.ക്ലബ്ബിന് വേണ്ടി ആകെ 283 മത്സരങ്ങൾ കളിച്ച താരം 113 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.