ഡിബാലക്ക് ഒരു മാസം വിലക്ക് വന്നേക്കും.
ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ് നിലവിൽ ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്തെന്നാൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനാൽ യുവന്റസിന് ഇപ്പോൾ ശിക്ഷ നടപടികൾ നേരിടേണ്ടി വരുന്നുണ്ട്. അവരുടെ 15 പോയിന്റുകൾ ഇതിന്റെ ഭാഗമായി വെട്ടിക്കുറച്ചിരുന്നു. മാത്രമല്ല യുവന്റസ് ബോർഡ് അംഗങ്ങൾക്ക് വിലക്ക് ലഭിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി കൊണ്ടുള്ള അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നുണ്ട്. മുൻ യുവന്റസ് താരമായിരുന്ന പൗലോ ഡിബാലയിലേക്കും ഈ അന്വേഷണം നീങ്ങിയിട്ടുണ്ട്. അതായത് യുവന്റസിൽ നിന്നും അനധികൃതമായി മൂന്നു മില്യൻ യൂറോ ഡിബാല കൈപ്പറ്റിയിട്ടുണ്ട് എന്നുള്ളതാണ് ആരോപണം.ഇക്കാര്യമാണ് ഇപ്പോൾ അന്വേഷിക്കുന്നത്. രണ്ട് തവണയാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഡിബാലയെ ചോദ്യം ചെയ്തിട്ടുള്ളത്.
According to La Repubblica newspaper, Paulo Dybala has been interviewed by Italy’s Guardia Di Finanza for a second time as part of the financial investigation on Juventus and the Roma striker risks a month’s ban. https://t.co/BZOctqIMPZ #Roma #ASRoma #Dybala #Calcio #Juventus
— Football Italia (@footballitalia) February 22, 2023
എന്നാൽ ദിബാല അനധികൃതമായി ഒന്നും കൈപ്പറ്റിയിട്ടില്ല എന്ന് തന്നെയാണ് ചിലർ റിപ്പോർട്ട് ചെയ്യുന്നത്. ഏതായാലും ഈ വിഷയത്തിൽ പൗലോ ഡിബാല കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാൽ അദ്ദേഹത്തിന് നടപടികൾ നേരിടേണ്ടി വന്നേക്കും. ചുരുങ്ങിയത് ഒരു മാസമെങ്കിലും അദ്ദേഹത്തിന് വിലക്ക് ലഭിക്കാൻ സാധ്യതയുണ്ട് എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏതായാലും കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാവുകയുള്ളൂ.
നിലവിൽ മറ്റൊരു ഇറ്റാലിയൻ ക്ലബ്ബായ റോമക്ക് വേണ്ടിയാണ് ഈ അർജന്റീന സൂപ്പർതാരം കളിച്ചുകൊണ്ടിരിക്കുന്നത്.ഡിബാലക്ക് വിലക്ക് ലഭിച്ചാൽ അത് യഥാർത്ഥത്തിൽ റോമക്കാണ് തിരിച്ചടി ഏൽപ്പിക്കുക. ഈ സീസണിൽ ഇറ്റാലിയൻ ലീഗിൽ 16 മത്സരങ്ങൾ കളിച്ച ഡിബാല 8 ഗോളുകളും ആറ് അസിസ്റ്റുകളും നേടിയിട്ടുണ്ട്. റോമയുടെ ഏറ്റവും നിർണായകമായ താരം ഡിബാല തന്നെയാണ്.