ഞാൻ പ്രസിഡന്റും പ്ലെയറും കോച്ചുമാണ്, ഞാൻ നേരത്തെ എത്തിയിരുന്നുവെങ്കിൽ മിലാൻ കിരീടം നേടിയേനെ:ഇബ്രാഹിമോവിച്ച്

താൻ പ്രസിഡന്റും താരവും പരിശീലകനുമൊക്കെയാണ്, താൻ ഈ സീസണിന്റെ തുടക്കത്തിൽ തന്നെ എസി മിലാനിൽ എത്തിയിരുന്നുവെങ്കിൽ ക്ലബ് കിരീടം നേടിയേനെ! തമാശ രൂപേണ ഈ പ്രസ്താവന നടത്തിയത് മറ്റാരുമല്ല. മുപ്പത്തിയെട്ടുകാരനായ സ്ലാട്ടൻ ഇബ്രാഹിമോവിച്ചാണ്. ഇന്നലെ യുവന്റസിനെതിരായ തകർപ്പൻ ജയം നേടിയ ശേഷം DAZN ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്ലാട്ടൻ. യുവന്റസിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് മിലാൻ തകർത്തപ്പോൾ ഒരു ഗോളും ഒരു അസിസ്റ്റുമായി മുന്നിൽ നിന്ന് നയിച്ചത് ഇബ്രാഹിമോവിച്ചായിരുന്നു. മാത്രമല്ല സുബ്സ്ടിട്യൂറ്റ് ചെയ്തതിന് ശേഷം ടീമിലെ അംഗങ്ങൾക്ക് നിർദേശങ്ങൾ നൽകുന്ന ഇബ്രാഹിമോവിച്ചിന്റെ രംഗങ്ങളും വൈറലായിരുന്നു. ഇതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന. പ്രസിഡന്റും പരിശീലകനും പ്ലെയറും എല്ലാം ഞാൻ ആണെങ്കിലും പ്ലെയറിന് മാത്രമുള്ള സാലറിയാണ് ഇവർ എനിക്ക് തരുന്നൊള്ളൂ എന്നും ഇബ്രാഹിമോവിച്ച് തമാശരൂപേണ പറഞ്ഞു. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ മിലാനിൽ തിരിച്ചെത്തിയ താരം മികച്ച പ്രകടനമാണ് താരം കാഴ്ച്ചവെക്കുന്നത്.

” എനിക്ക് പ്രായമേറിയിരിക്കുന്നു എന്നുള്ളത് രഹസ്യമായ കാര്യമല്ല. പക്ഷെ പ്രായം വെറും അക്കങ്ങൾ മാത്രമാണ്. ഞാനിപ്പോൾ നല്ല രീതിയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം കളിച്ചതിലേറെ ഇന്ന് കളിക്കാൻ എന്നെ കൊണ്ട് കഴിയും. സത്യസന്ധമായി പറഞ്ഞാൽ ടീമിനെ കഴിയുന്ന വിധം ഹെല്പ് ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത് ” അദ്ദേഹം പറഞ്ഞു. സഹതാരങ്ങൾക്ക് നിർദേശം നൽകിയ സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. “ഞാൻ പ്രസിഡന്റും പ്ലെയറും കോച്ചുമാണ്. ഇതിലെ നെഗറ്റീവ് ആയ കാര്യം എന്തെന്നാൽ പ്ലെയറിന് മാത്രമേ അവർ സാലറി തരുന്നൊള്ളു എന്നാണ്. ഈ സീസണിന്റെ തുടക്കത്തിൽ ഞാൻ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ ക്ലബ്‌ കിരീടം നേടിയേനെ ” ഇബ്രാഹിമോവിച്ച് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *