ചെൽസിയുടെ ഓഫർ നിരസിച്ച് യുവന്റസ് തിരഞ്ഞെടുക്കാൻ കാരണം ക്രിസ്റ്റ്യാനോ, വെളിപ്പെടുത്തലുമായി യുവതാരത്തിന്റെ ഏജന്റ് !

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിക്കാനുള്ള ആഗ്രഹം കൊണ്ടാണ് യുവതാരമായ റാഡു ഡ്രാഗുസിൻ ചെൽസിയുടെ ഓഫർ നിരസിച്ച് കൊണ്ട് യുവന്റസിനെ തിരഞ്ഞെടുത്തതെന്ന് താരത്തിന്റെ ഏജന്റ്. കഴിഞ്ഞ ദിവസം TMW എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഡ്രാഗുസിന്റെ ഏജന്റ് ആയ ഫ്ലോറിൻ മനിയ ഇക്കാര്യം വെളിപ്പെടുത്തിയത്. യുവന്റസിൽ ചേരുന്നതിന് മുമ്പ് ഈ പതിനെട്ടുകാരനായ താരത്തിന് ചെൽസിയിൽ നിന്നും ഓഫർ വന്നിരുന്നുവെന്നും എന്നാൽ അതേസമയം തന്നെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ എത്തിയതെന്നും അതിനാൽ താരം യുവന്റസിൽ നിന്നും വന്ന ഓഫർ സ്വീകരിക്കുകയുമായിരുന്നാണ് എന്നാണ് ഏജന്റ് തുറന്നു പറഞ്ഞത്. 2018-ലായിരുന്നു റൊമാനിയൻ താരമായ ഡ്രാഗുസിൻ യുവന്റസിൽ എത്തിയത്. സെന്റർ ബാക്ക് ആയ താരം ചില്ലിനി പകരക്കാരനായാണ് യുവന്റസ് കണ്ടുവെച്ചിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ നടന്ന ഡൈനാമോ കീവിനെതിരെയുള്ള മത്സരത്തിൽ അരങ്ങേറാൻ താരത്തിന് സാധിച്ചിരുന്നു.

” റാഡുവിൽ എല്ലാവർക്കും താല്പര്യമുണ്ടായിരുന്നു. യുവന്റസിനും താല്പര്യമുണ്ടായിരുന്നു. എവിടെ പോയാലാണ് തനിക്ക് മികച്ച ഡിഫൻഡർ ആവാൻ സാധിക്കുകയെന്ന് അദ്ദേഹം എന്നോട് ചോദിച്ചിരുന്നു. ആ സമയത്ത് ചെൽസിക്കും അദ്ദേഹത്തെ വേണമായിരുന്നു. അപ്പോഴാണ് ക്രിസ്റ്റ്യാനോ യുവന്റസിൽ എത്തിയത്. അതോടെ അദ്ദേഹം യുവന്റസിനെ തിരഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹം എല്ലായിപ്പോഴും പരിശീലനത്തിന് രണ്ടു മണിക്കൂർ മുന്നേയെത്തും. എന്നിട്ട് ജിമ്മിൽ വർക്ക്‌ ചെയ്യും. അദ്ദേഹം ഒരു അത്‌ലെറ്റ് ആണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അദ്ദേഹത്തിന്റെ റോൾ മോഡൽ. ഞങ്ങൾക്ക്‌ യുവന്റസ് വിടാൻ ഒരു ഉദ്ദേശവുമില്ല. പുതിയ കരാർ പുതുക്കുന്നത് ഒരു പ്രശ്നവുമാവില്ല. ഇവിടെയാണ് ഞങ്ങൾ ഭാവി കാണുന്നത്. മൂന്ന് വർഷങ്ങൾക്ക്‌ മുമ്പ് അദ്ദേഹം റൊണാൾഡോയെ ടിവിയിൽ കണ്ടിരുന്ന ആളാണ്. ഇപ്പോഴിതാ അദ്ദേഹത്തോടൊപ്പം കളിക്കുന്നു. ചില സമയങ്ങളിൽ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കപ്പെടുക തന്നെ ചെയ്യും ” ഡ്രാഗുസിന്റെ ഏജന്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *