ചാമ്പ്യൻസ് ലീഗിന്റെ കാര്യത്തിൽ ദുഃഖമുണ്ട്, സിരി എ നേടും : വിദാൽ !

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ആർതുറോ വിദാൽ ബാഴ്സ വിട്ട് ഇന്റർമിലാനിൽ എത്തിയത്. ഇന്ററിനോടൊപ്പം ചാമ്പ്യൻസ് ലീഗും സിരി എയും നേടുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് വിദാൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ റയൽ മാഡ്രിഡ്‌ ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് ഇന്റർമിലാൻ പ്രീ ക്വാർട്ടർ കാണാനാവാതെ പുറത്താവുകയായിരുന്നു. ഇപ്പോഴിതാ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിൽ ദുഃഖമുണ്ട് എന്നറിയിച്ചിരിക്കുകയാണ് ആർതുറോ വിദാൽ. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സ് ഇറ്റാലിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പക്ഷെ ഇനി സിരി എ കിരീടമാണ് ലക്ഷ്യമെന്നും അത്‌ നേടാൻ കഴിയുമെന്നും അത്‌ പറയാൻ താൻ ആരെയും ഭയപ്പെടുന്നില്ലെന്നും മുമ്പും ലീഗ് കിരീടങ്ങൾ താൻ വിജയിച്ചതാണ് എന്നുമാണ് വിദാൽ അറിയിച്ചത്. നിലവിൽ 33 പോയിന്റുമായി ടേബിളിൽ രണ്ടാം സ്ഥാനത്താണ് ഇന്റർമിലാൻ.

” എന്നെ സംബന്ധിച്ചുള്ള ഏറ്റവും കഠിനമായ കാര്യം ചാമ്പ്യൻസ് ലീഗിൽ പുറത്താവുക എന്നുള്ളതാണ്. എന്തെന്നാൽ ചാമ്പ്യൻസ് ലീഗ് ആണ് എന്റെ സ്വപ്നം. പക്ഷെ ഞങ്ങൾക്ക്‌ ഇപ്പോഴും രണ്ട് പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ ഉണ്ട്. അത്‌ പൂർത്തീകരിക്കണം. അതിലൊന്ന് സിരി എ കിരീടം നേടുക എന്നുള്ളതാണ്. അത്‌ നേടാൻ ഞങ്ങൾക്ക്‌ കഴിയും. അത്‌ പറയാൻ ഞാൻ ആരെയും ഭയപ്പെടുന്നില്ല. ജർമ്മനിയിലും സ്പെയിനിലും ഞാൻ അത്‌ നേടിയതാണ്. ഞങ്ങൾ എല്ലാ ദിവസവും വർക്ക്‌ ചെയ്യേണ്ടതുണ്ട്. ഓരോ മത്സരത്തെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. സിരി എ കിരീടത്തെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്നു കാണാം ” ആർതുറോ വിദാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *