ഗോൾഡൻ ബൂട്ട്: ലെവന്റോസ്ക്കിക്കൊപ്പമെത്തി ഇമ്മൊബിലെ, ക്രിസ്റ്റ്യാനോ പിറകിൽ

യൂറോപ്യൻ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ബയേൺ മ്യൂണിക്ക് സൂപ്പർ താരം റോബർട്ടോ ലെവന്റോസ്ക്കിക്ക് ഒപ്പമെത്തി ലാസിയോയുടെ സിറോ ഇമ്മൊബിലെ. ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ ലാസിയോക്ക് വേണ്ടി ഹാട്രിക് നേടിയതോടെയാണ് ഇമ്മൊബിലെ ലെവക്ക് ഒപ്പമെത്തിയത്. നിലവിൽ ഇരുതാരങ്ങളും അവരവരുടെ ലീഗിൽ 34 ഗോളുകൾ വീതം നേടി കഴിഞ്ഞു. എന്നാൽ ലാസിയോക്ക് ഇനിയും രണ്ട് മത്സരങ്ങൾ അവശേഷിക്കുന്നുണ്ട്. പക്ഷെ ബയേൺ മ്യൂണിക്കിന്റെ ലീഗ് മത്സരങ്ങൾ എല്ലാം തന്നെ അവസാനിച്ചിട്ടുമുണ്ട്. ഇതിനാൽ തന്നെ കാര്യങ്ങൾ ഇമ്മൊബിലെക്ക് അനുകൂലമാണ്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പിറകിൽ ഉണ്ട് എന്നത് താരത്തിന് ചെറിയ ഭീഷണിയുയർത്തും.

നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ 31 ഗോളുകൾ നേടി ഇരുവർക്കും പിറകിൽ ഉണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ ഒരു ഗോൾ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഒരു പെനാൽറ്റി പാഴാക്കിയത് താരത്തിന് തിരിച്ചടിയായി. റൊണാൾഡോ നേടിയ പന്ത്രണ്ട് ഗോളുകൾ പെനാൽറ്റിയിൽ നിന്നായിരുന്നു. അതേ സമയം ഇമ്മൊബിലെക്ക് മറ്റൊരു നേട്ടം കൂടി കയ്യെത്തും ദൂരത്താണ്.സിരി എയിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്നുള്ള റെക്കോർഡ് ഗോൺസാലോ ഹിഗ്വയ്ന്റെ പേരിലാണ്. 36 ഗോളുകൾ ആണ് ഹിഗ്വയ്ൻ അന്ന് നാപോളിക്ക് വേണ്ടി അടിച്ചു കൂട്ടിയത്. 2015/16 സീസണിൽ ആയിരുന്നു ഇത്. രണ്ട് ഗോളുകൾ കൂടി നേടിയ ഇമ്മൊബിലേക്ക് ഈ റെക്കോർഡിനൊപ്പം എത്താം.

Leave a Reply

Your email address will not be published. Required fields are marked *