ക്രിസ്റ്റ്യൻ എറിക്സൺ മിലാനിലേക്ക് മടങ്ങിയെത്തുന്നു!

കഴിഞ്ഞ യൂറോ കപ്പിൽ ഫുട്ബോൾ ലോകത്തെ നടുക്കിയ സംഭവവികാസമായിരുന്നു ഡാനിഷ് താരം ക്രിസ്റ്റ്യൻ എറിക്സണിന്റെ കാർഡിയാക്ക് അറസ്റ്റ്.ഫിൻലാന്റിനെതിരെയുള്ള മത്സരത്തിനിടയിലായിരുന്നു എറിക്സൺ കുഴഞ്ഞു വീണത്. പിന്നീട് ചികിത്സക്ക്‌ ശേഷം താരം തന്റെ ആരോഗ്യം വീണ്ടെടുക്കുകയായിരുന്നു.

അതേസമയം പുതിയ സീസണിന് വേണ്ടി എറിക്സൺ തന്റെ ക്ലബായ ഇന്റർ മിലാനിൽ തിരിച്ചെത്തുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്നത്.ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.ഇന്റർ മിലാന്റെ മുഴുവൻ സ്‌ക്വാഡും ഇന്നത്തോട് കൂടി ടീമിനോടൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ.ലൗറ്ററോ മാർട്ടിനെസ്, നിക്കോളോ ബറെല്ല,അലെസാൻഡ്രോ ബാസ്റ്റനി എന്നീ താരങ്ങളാണ് ഒടുവിൽ ടീമിനൊപ്പം ചേരുക.

അതേസമയം ക്രിസ്റ്റ്യൻ എറിക്സൺ ഈ ആഴ്ച്ചയുടെ മധ്യത്തിലായിരിക്കും മിലാൻ നഗരത്തിൽ എത്തുക.തുടർന്ന് പരിശീലകനായ ഇൻസാഗിയെയും സഹതാരങ്ങളെയും കണ്ടു മുട്ടും. പിന്നീട് അദ്ദേഹം മെഡിക്കൽ പരിശോധനക്ക്‌ വിധേയമാവും. തുടർന്ന് താരത്തിന്റെ കണ്ടീഷൻ മനസ്സിലാക്കിയ ശേഷമായിരിക്കും എറിക്സണിന്റെ കാര്യത്തിൽ ക്ലബ് ഒരു തീരുമാനം കൈകൊള്ളുക.

കഴിഞ്ഞ സീസണിൽ സിരി എ ചാമ്പ്യൻമാരായ ഇന്ററിന്റെ ഭാഗമാവാൻ എറിക്സണ് സാധിച്ചിരുന്നു.കഴിഞ്ഞ വർഷം ടോട്ടൻഹാമിൽ നിന്നാണ് എറിക്സൺ ഇന്ററിലേക്ക് ചേക്കേറിയത്.

Leave a Reply

Your email address will not be published. Required fields are marked *