ക്രിസ്റ്റ്യാനോ സ്പോർട്ടിങ്ങിലേക്ക് മടങ്ങുമോ? യാഥാർത്ഥ്യം വെളിപ്പെടുത്തി ഏജന്റ്!

കഴിഞ്ഞ ദിവസമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാതാവ് താരത്തെ സംബന്ധിക്കുന്ന ഒരു സുപ്രധാനമായ വെളിപ്പെടുത്തൽ നടത്തിയത്. താരം തന്റെ മുൻ ക്ലബായ സ്പോർട്ടിങ് ലിസ്ബണിലെക്ക് മടങ്ങിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്ന ഒന്നായിരുന്നു താരത്തിന്റെ അമ്മയുടെ പ്രസ്താവന. റൊണാൾഡോയെ തിരികെ സ്പോർട്ടിങ്ങിലേക്ക് എത്തിക്കാൻ താൻ കൺവിൻസ്‌ ചെയ്യിക്കാൻ ശ്രമിക്കുമെന്നായിരുന്നു അവർ പ്രസ്താവിച്ചിരുന്നത്. മാത്രമല്ല 19 വർഷങ്ങൾക്ക് ശേഷം ലീഗ് കിരീടം നേടിയ സ്പോർട്ടിങ് ലിസ്ബണെ ക്രിസ്റ്റ്യാനോ പരസ്യമായി അഭിനന്ദിക്കുകയും ചെയ്തിരുന്നു. കൂടാതെ യുവന്റസിന്റെ മോശം പ്രകടനം ക്രിസ്റ്റ്യാനോയെ അതൃപ്തനാക്കുന്നുണ്ട് എന്ന വാർത്തകളും പുറത്തേക്ക് വന്നിരുന്നു. ഇതോടെ റൊണാൾഡോ യുവന്റസ് വിട്ട് സ്പോർട്ടിങ്ങിലേക്ക് മടങ്ങിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾക്ക് ശക്തിയാർജ്ജിച്ചു.

എന്നാൽ ഈ വാർത്തകളെ തള്ളിക്കളഞ്ഞിരിക്കുകയാണ് റൊണാൾഡോയുടെ ഏജന്റ് ആയ ജോർഗെ മെൻഡസ്.പോർച്ചുഗല്ലിലേക്ക് മടങ്ങുന്നത് റൊണാൾഡോയുടെ പ്ലാനിൽ പോലും ഇല്ലാത്ത കാര്യമാണ് എന്നാണ് മെൻഡസ് അറിയിച്ചിട്ടുള്ളത്. റെക്കോർഡ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മെൻഡസ് ഇക്കാര്യം തുറന്നു പറഞ്ഞത്. “സ്പോർട്ടിങ് കിരീടം നേടിയതിൽ റൊണാൾഡോ ഒരുപാട് അഭിമാനം കൊള്ളുന്നുണ്ട്. അത്‌ അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചതുമാണ്.പക്ഷേ നിലവിൽ പോർച്ചുഗല്ലിലേക്ക് മടങ്ങുക എന്നുള്ളത് അദ്ദേഹത്തിന്റെ പ്ലാനിൽ പോലുമില്ലാത്ത കാര്യമാണ് ” മെൻഡസ് പറഞ്ഞു. ഒരു വർഷം കൂടിയാണ് റൊണാൾഡോക്ക് യുവന്റസുമായി കരാറുള്ളത്. പക്ഷേ താരം യുവന്റസിൽ തന്നെ തുടരുമോ എന്നുറപ്പില്ല.

Leave a Reply

Your email address will not be published. Required fields are marked *