ക്രിസ്റ്റ്യാനോ വന്നതോടെ യുവന്റസിന്റെ ഡിഎൻഎ നഷ്ടമായി : വിമർശനവുമായി ബുഫൺ!

2018-ലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ വിട്ടു കൊണ്ട് യുവന്റസിലേക്ക് എത്തിയത്. മൂന്ന് വർഷമായിരുന്നു താരം ക്ലബ്ബിൽ തുടർന്നത്. രണ്ട് സിരി എ കിരീടങ്ങൾ മാറ്റിനിർത്തിയാൽ ടീം എന്ന നിലയിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ യുവന്റസിന് സാധിച്ചിരുന്നില്ല. ഇതോടെ കഴിഞ്ഞ ട്രാൻസ്ഫറിൽ റൊണാൾഡോ യുവന്റസ് വിട്ടു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തുകയായിരുന്നു.

ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക്ക് വന്നത് ടീമിന് നെഗറ്റീവ് ഇമ്പാക്ട് ആണ് ഉണ്ടാക്കിയത് എന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ യുവന്റസിന്റെ ഇതിഹാസ താരമായിരുന്ന ബുഫൺ. ക്രിസ്റ്റ്യാനോ വന്നതോടെ യുവന്റസിന് തങ്ങളുടെ ഡിഎൻഎ നഷ്ടമായി എന്നാണ് ബുഫൺ ആരോപിച്ചത്. ക്രിസ്റ്റ്യാനോക്കൊപ്പം കളിച്ച താരമാണ് ബുഫൺ. അദ്ദേഹത്തിന്റെ വാക്കുകൾ ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ വന്നതിന് ശേഷമുള്ള ആദ്യ വർഷം ചാമ്പ്യൻസ് ലീഗ് നേടാനുള്ള അവസരം യുവന്റസിന് ഉണ്ടായിരുന്നു.അന്ന് ഞാൻ പിഎസ്ജിക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു.പക്ഷേ അന്ന് യുവന്റസിന് എന്താണ് സംഭവിച്ചതെന്ന് എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.ഞാൻ യുവന്റസിലേക്ക് തിരിച്ചു വന്നതിന് ശേഷം ക്രിസ്റ്റ്യാനോക്കൊപ്പം രണ്ട് വർഷം കളിക്കാൻ എനിക്ക് സാധിച്ചു.മികച്ച രൂപത്തിലാണ് മുന്നോട്ട് പോയത്. പക്ഷേ അപ്പോഴേക്കും യുവന്റസിന്റെ ഡിഎൻഎ നഷ്ടമായിരുന്നു.2017-ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്താൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. കാരണം ഒരുപാട് എക്സ്പീരിയൻസ് ഉള്ള താരങ്ങളായിരുന്നു ഞങ്ങളുടെ പക്കലിൽ ഉണ്ടായിരുന്നത്. അതിനേക്കാളും മുകളിൽ ഞങ്ങളൊരു സിംഗിൾ യൂണിറ്റായിരുന്നു.സ്ഥാനങ്ങൾക്ക് വേണ്ടി ടീമിനുള്ളിൽ തന്നെ പോരാട്ടങ്ങൾ നടന്നിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോ വന്നതോടുകൂടി അതെല്ലാം നഷ്ടമായി ” ബുഫൺ പറഞ്ഞു.

ഈ സീസണിലും മികവിലേക്കുയരാൻ യുവന്റസിന് സാധിച്ചിട്ടില്ല. ഈ സിരി എയിൽ അഞ്ച് തോൽവികൾ വഴങ്ങിയ യുവന്റസിപ്പോൾ അഞ്ചാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *