ക്രിസ്റ്റ്യാനോ മറ്റൊരു ഗ്രഹത്തിൽ നിന്നും വന്ന താരം : പുകഴ്ത്തി കിയേസ!

കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെയെത്തിയത്. മൂന്ന് വർഷക്കാലം യുവന്റസിൽ ചിലവഴിച്ച ശേഷമായിരുന്നു ക്രിസ്റ്റ്യാനോ ക്ലബ്ബ് വിട്ടത്. കഴിഞ്ഞ സീസണിൽ ക്രിസ്റ്റ്യാനോക്കൊപ്പം കളിക്കാനുള്ള ഭാഗ്യം ഇറ്റാലിയൻ യുവസൂപ്പർതാരമായ ഫെഡറിക്കോ കിയേസക്ക് ലഭിച്ചിരുന്നു.

ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസിച്ച് കൊണ്ടിപ്പോൾ കിയേസ രംഗത്ത് വന്നിട്ടുണ്ട്.ക്രിസ്റ്റ്യാനോ മറ്റൊരു ഗ്രഹത്തിൽ നിന്നാണെന്നും അദ്ദേഹം എപ്പോഴും തനിക്കൊരു പ്രചോദനമാണ് എന്നുമാണ് കിയേസ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ലാ റിപബ്ലിക്കയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിയേസയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഫുട്ബോളിലെ എക്കാലത്തെയും മികച്ച ചാമ്പ്യൻമാരിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ഒരു വർഷം ചിലവഴിക്കാൻ ഭാഗ്യം ലഭിച്ച ഒരു താരമാണ് ഞാൻ.അദ്ദേഹത്തിന്റെ ആത്മാർത്ഥയും മാനസിക കരുത്തും ഓരോ സാഹചര്യങ്ങളിലും നിർണായക ഘടകമായി തീരാനുള്ള കഴിവുമെല്ലാം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ക്രിസ്റ്റ്യാനോ എപ്പോഴും എനിക്കൊരു പ്രചോദനമാണ്.ക്രിസ്റ്റ്യാനോ മറ്റൊരു ഗ്രഹത്തിൽ നിന്നാണ് വരുന്നത്.അദ്ദേഹത്തെ എന്താണ് കരുത്തനാക്കുന്നതെന്ന് കാണാൻ സാധിച്ചതും അദ്ദേഹത്തോടൊപ്പം വർക്ക്‌ ചെയ്യാൻ സാധിച്ചതുമെല്ലാം വളരെ ആവേശമുണ്ടാക്കുന്ന കാര്യമായിരുന്നു ” കിയേസ പറഞ്ഞു.

ഈ സീസണിൽ യുണൈറ്റഡിന് വേണ്ടി കളിക്കുന്ന ക്രിസ്റ്റ്യാനോ മോശമല്ലാത്ത പ്രകടനം തന്നെയാണ് കാഴ്ച്ച വെക്കുന്നത്.13 ഗോളുകൾ അദ്ദേഹം ഈ സീസണിൽ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *