ക്രിസ്റ്റ്യാനോ-ദിബാല സഖ്യം തിളങ്ങി, യുവന്റസിന് ജയം
സിരി എയിൽ ഇന്നലെ നടന്ന ഇരുപത്തിയേഴാം റൗണ്ട് പോരാട്ടത്തിൽ യുവന്റസിന് മികച്ച വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബോലോഗ്‌നയെ യുവന്റസ് തകർത്തുവിട്ടത്. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, പൌലോ ദിബാല എന്നിവരാണ് യുവന്റസിന് വേണ്ടി വലകുലുക്കിയത്. മത്സരത്തിന്റെ അവസാനമിനുട്ടിൽ ബ്രസീലിയൻ താരം ഡാനിലോ ചുവപ്പ് കാർഡ് കണ്ടു പുറത്തുപോയത് യുവന്റസിന് തിരിച്ചടിയാണെങ്കിലും വിലപ്പെട്ട മൂന്ന് പോയിന്റുകൾ പോക്കറ്റിലാക്കാൻ കഴിഞ്ഞു. കോപ്പ ഇറ്റാലിയ കിരീടം നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ നിന്ന് കരകയറാനും യുവന്റസിന് സാധിച്ചേക്കും. മത്സരത്തിന്റെ ആദ്യപകുതിയിലാണ് ഇരുഗോളുകളും പിറന്നത്. ജയത്തോടെ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം ഭദ്രമാക്കാനും യുവന്റസിന് കഴിഞ്ഞിട്ടുണ്ട്. 27 മത്സരങ്ങളിൽ നിന്ന് 21 ജയവുമായി 66 പോയിന്റോടെ ഒന്നാമതാണ് യുവന്റസ്. ഒരു മത്സരം കുറച്ചു കളിച്ച ലാസിയോ 19 വിജയവുമായി 62 പോയിന്റോടെ രണ്ടാമതുണ്ട്.
🔙 to @SerieA action with a BANG! 💥⚪️⚫️#BolognaJuve #FinoAllaFine #ForzaJuve pic.twitter.com/3rqBVqp552
— JuventusFC (@juventusfcen) June 22, 2020
ക്രിസ്റ്റ്യാനോ റൊണാൾഡോ, പൌലോ ദിബാല ഫെഡറികോ ബെർണാഡ്ഷി എന്നിവരാണ് ഇന്നലെ യുവന്റസിന്റെ ആക്രമണചുമതല ഏല്പിക്കപ്പെട്ടിരുന്നവർ. മത്സരത്തിന്റെ 23-ആം മിനുട്ടിലാണ് യുവന്റസിന് പെനാൽറ്റി ലഭിക്കുന്നത്. ഡിലൈറ്റിനെ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. പെനാൽറ്റി എടുത്ത ക്രിസ്റ്റ്യാനോ അനായാസം ലക്ഷ്യം കണ്ടു. തുടർന്ന് മുപ്പത്തിയാറാം മിനുട്ടിലാണ് ദിബാലയുടെ തകർപ്പൻ ഗോൾ പിറക്കുന്നത്. ബെർണാഡ്ഷി നൽകിയ ബാക്ക്പാസ്സ് ഒരു കിടിലൻ ലോങ്ങ് റേഞ്ചിലൂടെ ദിബാല വലയിലെത്തിക്കുകയായിരുന്നു.എന്നാൽ പിന്നീട് ഗോളുകളൊന്നും പിറന്നില്ല. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒന്ന് രണ്ട് സുവർണ്ണാവസരങ്ങളൊക്കെ ലഭിച്ചുവെങ്കിലും അത് മുതലെടുക്കാൻ താരത്തിന് കഴിഞ്ഞില്ല. തൊണ്ണൂറാം മിനുട്ടിൽ രണ്ടാം മഞ്ഞകാർഡും കണ്ട് ഡാനിലോ പുറത്തുപോയതിൽ പിന്നെ പത്ത് പേരുമായാണ് യുവന്റസ് കളിച്ചത്.
Juventus 2 – 0 Bologna – Full Match Highlights
— Added Time (@AddedTime_Pod) June 22, 2020
featuring goals from Cristiano Ronaldo and Dybala pic.twitter.com/ub1p2vVeNi