ക്രിസ്റ്റ്യാനോ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു, ആരോപണവുമായി ഇറ്റാലിയൻ മന്ത്രി !

യുവേഫ നേഷൻസ് ലീഗിൽ സ്വീഡനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് താരം ആ മത്സരത്തിൽ കളിച്ചിരുന്നില്ല. മാത്രമല്ല ടീം ഹോട്ടലിൽ താരം ഐസൊലേഷനിൽ കഴിയുകയും ചെയ്തിരുന്നു. എന്നാൽ അതിന് ശേഷം താരം ഉടൻ തന്നെ ഇറ്റലിയിലേക്ക് എത്തുകയായിരുന്നു. താരം ട്യൂറിനിൽ എത്തിയതായി യുവന്റസ് തന്നെയാണ് തങ്ങളുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ അറിയിച്ചത്. എന്നാൽ ഈ തിരിച്ചു വരവ് വലിയ പ്രശ്നമായിരിക്കുകയാണിപ്പോൾ. കോവിഡിൽ നിന്നും മുക്തമാവാതെ താരം ഇറ്റലിയിൽ എത്തിയത് നിയമലംഘനമാണ് എന്നാണ് ആരോപണം. ഇതുയർത്തിയത് ഇറ്റാലിയൻ കായികമന്ത്രിയായ വിൻസെൻസോ സ്പഡഫോറയുമാണ്. റൊണാൾഡോ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു എന്നാണ് ഇദ്ദേഹം അറിയിച്ചത്.

” റൊണാൾഡോ പോർച്ചുഗലിൽ നിന്നും തിരിച്ചെത്തിയതിലൂടെ, താരം കോവിഡ് പ്രോട്ടോകോൾ ലംഘിച്ചിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൻ ഹെൽത്ത്‌ അതോറിറ്റിയുടെ അനുമതി ഇല്ലാതെ ഇറ്റലിയിലേക്ക് വരാൻ പാടില്ലായിരുന്നു ” ഇതാണ് കായികമന്ത്രി റേഡിയോ ഉനോയോട് പറഞ്ഞത്. എന്നാൽ യുവന്റസ് ഇതിന് കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ട്. റൊണാൾഡോ ഹെൽത്ത് അതോറിറ്റികളുടെ സമ്മതത്തോട് കൂടിയാണ് ഇറ്റലിയിൽ തിരിച്ചെത്തിയത് എന്നാണ് യുവന്റസ് വിശദീകരണം നൽകിയത്. ക്രിസ്റ്റ്യാനോയെ കൂടാതെ മറ്റൊരു യുവന്റസ് താരത്തിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വെസ്റ്റൺ മക്കെന്നിക്കാണ് കോവിഡ് പോസിറ്റീവ് ആയത്.

Leave a Reply

Your email address will not be published. Required fields are marked *