ക്രിസ്റ്റ്യാനോയുടെ ഉപദേശം തുണയായി: തുറന്ന് പറഞ്ഞ് കുലുസെവ്സ്ക്കി
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോപ്പം കളിച്ചിട്ടുള്ള താരമാണ് ഡേയാൻ കുലുസെവ്സ്ക്കി.യുവന്റസിൽ വെച്ച് കൊണ്ടാണ് ഇരുവരും ഒരുമിച്ച് കളിച്ചിട്ടുള്ളത്. നിലവിൽ റൊണാൾഡോ സൗദി അറേബ്യയിലാണ് ഉള്ളത്. എന്നാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാമിന് വേണ്ടിയാണ് കുലുസെവ്സ്ക്കി ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.അവർക്കുവേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. കൂടാതെ സ്വീഡൻ ദേശീയ ടീമിന്റെ ക്യാപ്റ്റനായി മാറാനും കുലുസെവ്സ്ക്കിക്ക് സാധിച്ചിട്ടുണ്ട്.
ഇങ്ങനെ കരിയർ വളർച്ചയുടെ പടവുകൾ താണ്ടുന്ന സമയമാണ് ഇത് താരത്തിന്. അതിന് റൊണാൾഡോയുടെ ഉപദേശം തുണയായി എന്ന് കുലുസെവ്സ്ക്കി പറഞ്ഞിട്ടുണ്ട്. സ്വന്തം ശരീരത്തെ അറിയാൻ റൊണാൾഡോ അന്ന് പറഞ്ഞപ്പോൾ തനിക്ക് മനസ്സിലായില്ലെന്നും എന്നാൽ ഇപ്പോഴാണ് അത് തനിക്ക് കൃത്യമായി മനസ്സിലായത് എന്നുമാണ് കുലുസെവ്ക്കി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞാൻ ഇപ്പോൾ എന്റെ ശരീരത്തെ അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. യുവതാരമായിരുന്ന സമയത്ത് റൊണാൾഡോ എനിക്ക് ഒരു ഉപദേശം നൽകിയിരുന്നു. എന്റെ ബോഡിയെ അറിയാനായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞിരുന്നത്.എന്നാൽ അന്ന് എനിക്കത് മനസ്സിലായില്ല.എനിക്ക് എന്റെ ശരീരത്തെക്കുറിച്ച് അന്ന് അറിവില്ലായിരുന്നു. പക്ഷേ ഇപ്പോഴാണ് അത് പിടികിട്ടിയത്. എന്റെ കരുത്തിനെക്കുറിച്ചും ബലഹീനതയെക്കുറിച്ചും കൃത്യമായ ധാരണ എനിക്കിപ്പോൾ ഉണ്ട്.എങ്ങനെയാണ് ഇംപ്രൂവ് ആവുക എന്നുള്ളത് മനസ്സിലായി.അതുകൊണ്ടുതന്നെ ഇപ്പോൾ എല്ലാം എനിക്ക് എളുപ്പമായി തോന്നുന്നു ” ഇതാണ് സ്വീഡിഷ് താരം പറഞ്ഞിട്ടുള്ളത്.
വ്യത്യസ്ത പൊസിഷനുകളിൽ കളിക്കാൻ കപ്പാസിറ്റിയുള്ള താരമാണ് ഇദ്ദേഹം. ഒരു ഗോളും ഒരു അസിസ്റ്റമാണ് പ്രീമിയർ ലീഗിൽ ഈ സീസണിൽ താരം നേടിയിട്ടുള്ളത്.യുവന്റസിനെ കൂടാതെ പാർമ,അറ്റലാന്റ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്.