ക്രിസ്റ്റ്യാനോയില്ലെങ്കിൽ ജയവുമില്ല, യുവന്റസിന്റെ ദുരിതകാലം തുടരുന്നു !

യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗല്ലിനോടൊപ്പമുള്ള മത്സരങ്ങൾക്കിടയിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ താരം ഇന്റർനാഷണൽ ഡ്യൂട്ടി നിർത്തി തിരിച്ചു ഇറ്റലിയിലേക്ക് തന്നെ എത്തിയിരുന്നു. ഈ മാസം തുടക്കത്തിലായിരുന്നു അത്. എന്നാൽ ഇതുവരെ സൂപ്പർ താരത്തിന്റെ കോവിഡ് നെഗറ്റീവ് ആയിട്ടില്ല. മൂന്നോളം മത്സരങ്ങളാണ് താരത്തിന് ഇതുപ്രകാരം നഷ്ടമായത്. ഇതിനെ തുടർന്ന് റൊണാൾഡോ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. താൻ പൂർണ്ണആരോഗ്യവാനാണെന്നും പിസിആർ പരിശോധന അസംബന്ധമാണ് എന്നുമായിരുന്നു റൊണാൾഡോയുടെ പ്രസ്താവന. ഏതായാലും താരത്തിന്റെ മടങ്ങി വരവ് താരത്തെക്കാൾ കൂടുതൽ ആഗ്രഹിക്കുന്നത് പരിശീലകൻ പിർലോയും യുവന്റസുമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. കാരണം താരത്തിന്റെ അഭാവത്തിൽ യുവന്റസിനിപ്പോൾ ദുരിതകാലമാണ്. അവസാനത്തെ മൂന്ന് സിരി എ മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ യുവന്റസിന് കഴിഞ്ഞിരുന്നില്ല. മാത്രമല്ല ബാഴ്‌സയോട് തോൽവി ഏറ്റുവാങ്ങുകയും ചെയ്തു.

യുവന്റസിന് വേണ്ടി റൊണാൾഡോ അവസാനമായി കളിച്ചത് റോമക്കെതിരെയുള്ള മത്സരത്തിലായിരുന്നു. ആ മത്സരത്തിലും സമനില വഴങ്ങാനായിരുന്നു യുവന്റസിന്റെ യോഗം. പക്ഷെ ആ മത്സരത്തിൽ പിറന്ന രണ്ട് ഗോളുകളും റൊണാൾഡോയുടെ വകയായിരുന്നു. പിന്നീട് നാപോളിക്കെതിരെയുള്ള മത്സരം ഉപേക്ഷിച്ചു. പിന്നീടാണ് താരത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. അങ്ങനെ ക്രോട്ടോണക്കെതിരെയുള്ള മത്സരം റൊണാൾഡോക്ക് നഷ്ടമായി. ദുർബലരോടുള്ള ഈ മത്സരം 1-1 ന് സമനിലയിൽ അവസാനിക്കുകയായിരുന്നു. ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ കീവിനെതിരെയുള്ള മത്സരം 2-0 വിജയിച്ചുവെങ്കിലും സിരി എയിൽ ഹെല്ലസ് വെറോണക്കെതിരെ നടന്ന മത്സരം 1-1 ന് സമനിലയിൽ കുരുങ്ങുകയായിരുന്നു. തുടർന്ന് ബാഴ്‌സലോണയോടും യുവന്റസ് തോൽവി അറിഞ്ഞു. അങ്ങനെ റൊണാൾഡോയുടെ അഭാവത്തിൽ കളിച്ച നാലു മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് യുവന്റസിന് ജയിക്കാനായത്. മാത്രമല്ല, ഈ മത്സരങ്ങളിൽ എല്ലാം തന്നെ മൊറാറ്റയെയാണ് യുവന്റസ് ആശ്രയിക്കുന്നത്. എന്നാൽ ഓഫ്‌സൈഡ് ആണ് താരത്തിന് വെല്ലുവിളി. നിലവിലെ ദുരിതകാലത്തിന് അറുതി വരണമെങ്കിൽ റൊണാൾഡോ കളത്തിലേക്കിറങ്ങേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *