ക്രിസ്റ്റ്യാനോക്ക് ബ്രെയ്സ്, രക്ഷപ്പെട്ട് യുവെൻ്റസ്

ഇറ്റാലിയൻ സീരി Aയിലെ മുപ്പത്തിരണ്ടാം റൗണ്ട് മത്സരത്തിൽ യുവെൻ്റസും അറ്റലാൻ്റയും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടിയ മത്സരത്തിൽ യുവെൻ്റസിൻ്റെ രണ്ട് ഗോളുകളും പെനാൽറ്റിയിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് നേടിയത്. ദുവാൻ സപാറ്റ, റുസ്‌ലാൻ മലിനോവ്സ്കി എന്നിവരാണ് അറ്റലാൻ്റക്കായി സ്കോർ ചെയ്തത്. ഈ മത്സരം സമനിലയായതോടെ യുവെൻ്റസിന് 32 മത്സരങ്ങളിൽ 76 പോയിൻ്റായി. ലീഗ് ടേബിളിൽ അവരാണ് ഒന്നാമത്.

ടൂറിനിലെ അലിയൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കളി തുടങ്ങി 15 മിനുട്ട് പിന്നിട്ടപ്പോഴേക്കും അറ്റലാൻ്റ മുന്നിലെത്തിയിരുന്നു. പപ്പു ഗോമസിൻ്റെ അസിസ്റ്റിൽ നിന്നും സപാറ്റയാണ് അവർക്ക് ലീഡ് നേടിക്കൊടുത്തത്. ആദ്യ പകുതിയിൽ ഗോൾ മടക്കാനുള്ള യുവെൻ്റസിൻ്റെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. രണ്ടാം പകുതിയിൽ അമ്പത്തഞ്ചാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ അവരെ ഒപ്പമെത്തിച്ചു. അമ്പത്തിഏഴാം മിനുട്ടിൽ ഡഗ്ലസ് കോസ്റ്റയെയും അറുപത്തിയൊമ്പതാം മിനുട്ടിൽ ഗോൺസാലോ ഹിഗ്വൊയ്നെയും കളത്തിലിറക്കി സാറി ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടാൻ ശ്രമിച്ചു. എന്നാൽ എൺപതാം മിനുട്ടിൽ മുറീലിൻ്റെ അസിസ്റ്റിൽ നിന്നും മലിനോവ്സ്കി നേടിയ ഗോളിലൂടെ അറ്റലാൻ്റ ഏതാണ്ട് വിജയത്തിനരികിലെത്തുന്നതാണ് പിന്നീട് കണ്ടത്. പക്ഷേ തൊണ്ണൂറാം മിനുട്ടിലെ ഹാൻ്റ് ബോൾ അവർക്ക് വിനയായി. ഹിഗ്വയ്ൻ്റെ ഷോട്ട് തടുക്കാനുള്ള ശ്രമത്തിനിടെ പെനാൽറ്റി ബോക്സിൽ വെച്ച് അറ്റലാൻ്റ താരത്തിൻ്റെ കയ്യിൽ പന്ത് തട്ടിയതിന് റഫറി ഒരിക്കൽ കൂടി പെനാൽറ്റി വിധിച്ചു. കിക്കടുത്ത CR7 ലക്ഷ്യം കണ്ടതോടെ മത്സരം സമനിലയിൽ അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *