ക്രിസ്റ്റ്യാനോക്ക്‌ അവസാനനിമിഷം മറുപടിനൽകി ലാസിയോ, യുവന്റസ് പടിക്കൽ കലമുടച്ചു !

സിരി എയിൽ അല്പം മുമ്പ് നടന്ന മത്സരത്തിൽ യുവന്റസിന് സമനില. ലാസിയോയാണ് യുവന്റസിനെ 1-1 എന്ന സ്കോറിന് സമനിലയിൽ തളച്ചത്. ഒരു ഘട്ടത്തിൽ വിജയമുറപ്പിച്ചിരുന്ന യുവന്റസിനെ ഞെട്ടിച്ചു കൊണ്ട് അവസാനനിമിഷം ലാസിയോ സമനില പിടിക്കുകയായിരുന്നു. യുവന്റസിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയപ്പോൾ ലാസിയോക്ക്‌ വേണ്ടി ഫെലിപ്പെയാണ് വലകുലുക്കിയത്. സമനിലയോടെ പോയിന്റ് ടേബിളിൽ മുന്നേറാനുള്ള അവസരം യുവന്റസ് കളഞ്ഞു കുളിച്ചു. ഏഴ് മത്സരങ്ങളിൽ നിന്ന് പതിമൂന്നു പോയിന്റുള്ള യുവന്റസ് മൂന്നാമതാണ്. അതേസമയം ലാസിയോയാവട്ടെ ഒമ്പതാം സ്ഥാനത്തുമാണ്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, അൽവാരോ മൊറാറ്റ എന്നിവരെ മുൻനിർത്തിയാണ് പിർലോ തന്ത്രങ്ങൾ മെനഞ്ഞത്. എന്നാൽ മറുഭാഗത്ത് സിറോ ഇമ്മൊബിലെ ഉണ്ടായിരുന്നില്ല. മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോയുടെ ഗോൾ വന്നത്. ക്വഡ്രാഡോയുടെ ക്രോസ് താരം വലയിൽ എത്തിക്കുകയായിരുന്നു. ഈ ഒരു ഗോൾ ലീഡിൽ ആദ്യപകുതി യുവന്റസ് പൂർത്തിയാക്കി. രണ്ടാം പകുതിയിൽ 76-ആം മിനുട്ടിൽ ക്രിസ്റ്റ്യാനോയെ പിൻവലിച്ച് ദിബാലയെ പിർലോ കളത്തിലിറക്കി. പിന്നീട് ഗോളുകൾ നേടാൻ യുവന്റസിന് സാധിക്കാതെ വന്നതോടെ മത്സരം യുവന്റസ് ഒരു ഗോളിന് വിജയിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ അതെല്ലാം തെറ്റിച്ച് 95-ആം മിനിറ്റിൽ വോക്വിൻ കൊറിയയുടെ അസിസ്റ്റിൽ നിന്ന് ഫെലിപ്പെ ഗോൾ നേടിയതോടെ യുവന്റസ് പടിക്കൽ കലമുടക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *