ക്രിസ്റ്റ്യാനോക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്, സത്യാവസ്ഥ അത് തെളിയിക്കുമെന്ന് ഇറ്റാലിയൻ കായികമന്ത്രി !

ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇറ്റാലിയൻ കായികമന്ത്രിയും തമ്മിലുള്ള പ്രശ്നത്തിന് വിരാമമാവുന്നില്ല. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് റൊണാൾഡോക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നാണ് കായികമന്ത്രിയായ വിൻസെൻസോ സ്പഡഫോറ അറിയിച്ചത്. അതിൽ താരം കുറ്റക്കാരനാണോ അല്ലയോ എന്നുള്ള കാര്യം വ്യക്തമാവുമെന്നും കായികമന്ത്രി അറിയിച്ചു. പോർച്ചുഗല്ലിനൊപ്പം യുവേഫ നേഷൻസ് ലീഗ് കളിക്കുന്നതിനിടെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഐസൊലേഷനിൽ പ്രവേശിച്ച താരം പിന്നീട് തന്റെ സ്വകാര്യജെറ്റ് വിമാനത്തിൽ ഇറ്റലിയിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതാണ് വിവാദങ്ങൾക്ക് കാരണമായത്. റൊണാൾഡോ പ്രോട്ടോകോൾ ലംഘിച്ചു എന്ന ആരോപണവുമായി പിന്നീട് ഇദ്ദേഹം രംഗത്ത് വന്നിരുന്നു. എന്നാൽ മന്ത്രി നുണ പറയുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ക്രിസ്റ്റ്യാനോ ഇതിനെതിരെ തിരിച്ചടിച്ചത്. ഇതിന് മറുപടിയുമായി മിനിസ്റ്റർ വീണ്ടുമെത്തിയിരുന്നു. പ്രശസ്തരായ ആയ ഫുട്ബോൾ താരങ്ങൾ ആണെന്ന് കരുതി ബഹുമാനക്കുറവ് കാണിക്കരുത് എന്നായിരുന്നു ഇദ്ദേഹം പ്രതികരിച്ചത്. തുടർന്ന് ഇപ്പോൾ റൊണാൾഡോക്കെതിരെ അന്വേഷണം നടക്കുന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തി.

” റൊണാൾഡോ പ്രോട്ടോകോളിനെ ബഹുമാനിച്ചില്ല എന്ന് മാത്രമല്ല അത് ലംഘിക്കുകയും ചെയ്തുവെന്ന് വ്യക്തമാണ്. അത്കൊണ്ട് തന്നെ റൊണാൾഡോക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. അദ്ദേഹം കുറ്റക്കാരനാണോ അല്ലയോ എന്നുള്ളത് അന്വേഷണം തെളിയിക്കും. നിലവിൽ ഇറ്റലിയിൽ കാര്യങ്ങൾ ഒരല്പം ഗുരുതരമാണ്. എന്നാൽ ഫുട്ബോൾ നിർത്തലാക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. സിരി എ ഒരു പ്രോട്ടോകോൾ നടപ്പിലാക്കിയിട്ടുണ്ട്. പക്ഷെ പലരും അതിനെ ബഹുമാനിക്കുന്നില്ല ” സ്പഡഫോറ പറഞ്ഞു. നിലവിൽ റൊണാൾഡോ ഐസൊലേഷനിൽ തന്നെയാണ്. താൻ അധികൃതരുടെ എല്ലാ വിധ അനുമതിയോടെയും കൂടെയാണ് ഇറ്റലിയിൽ തിരിച്ചെത്തിയതെന്ന് റൊണാൾഡോ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *