കോച്ചാവാൻ പിർലോ പരീക്ഷ എഴുതുന്നു!

ഇറ്റാലിയൻ ക്ലബ്ബ് യുവെൻ്റസിൻ്റെ പരിശീലകനായി നിയമിതനായെങ്കിലും ആന്ദ്രേ പിർലോ ഇതുവരെ സീരി Aയിൽ ടീമുകളെ പരിശീലിപ്പിക്കാനുള്ള യോഗ്യത നേടിയിട്ടുണ്ടായിരുന്നില്ല. പരിശീലകനാവാനുള്ള കോഴ്സിന് നേരത്തെ ചേർന്നിട്ടുള്ള പിർലോ ഇന്ന് പരീക്ഷക്കിരിക്കുകയാണ്. രാവിലെ എഴുത്ത് പരീക്ഷയും ഉച്ചക്ക് ശേഷം വെർബൽ എക്സാമിനേഷനുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഈ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കുന്നതോടെ മുൻ സൂപ്പർ താരത്തിന് തൻ്റെ കോച്ചിംഗ് ബാഡ്ജ് ലഭിക്കും. 41കാരനായ പിർലോയെ ആദ്യം യുവെൻ്റസിൻ്റെ U21 ടീമിൻ്റെ പരിശീലകനായാണ് നിയമിച്ചിരുന്നത്. പിന്നീട് യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ പ്രീക്വോർട്ടറിൽ യുവെൻ്റസ് പുറത്തായതിന് പിന്നാലെ മൗറീസിയോ സാറിയെ പുറത്താക്കി അദ്ദേഹത്തെ സീനിയർ ടീമിൻ്റെ പരിശീലക ചുമതല ഏൽപ്പിക്കുകയായിരുന്നു.

ഇറ്റാലിയൻ ദേശീയ ടീമിനായി 116 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള പിർലോ ക്ലബ്ബ് തലത്തിൽ യുവെൻ്റസിനെക്കൂടാതെ ബ്രെസിയ, Ac മിലാൻ, ഇൻ്റർ മിലാൻ, ന്യൂയോർക്ക് സിറ്റി തുടങ്ങിയ ടീമുകൾക്കായും പന്ത് തട്ടിയിട്ടുണ്ട്. നവോരക്കെതിരെ കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരത്തിൽ യുവെൻ്റസ് ടീമിനെ ഒരുക്കിയിറക്കിയ പിർലോയുടെ പരിശീലകൻ എന്ന നിലയിലുള്ള ആദ്യ ഔദ്യോഗിക മത്സരം സെപ്തംബർ ഇരുപതിന് സാംപ്ഡോറിയക്കെതിരെയാണ്. അദ്ദേഹത്തിൻ്റെ കീഴിൽ ഇത്തവണ സീരി A കിരീടത്തിന് പുറമെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും ലക്ഷ്യം വെച്ചാണ് യുവെൻ്റസ് ഇറങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *