കൊറോണക്കെതിരെ ധനസമാഹരണവുമായി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്
ലോകമാകെ പടർന്നുപിടിച്ച കൊറോണ മഹാമാരിക്കെതിരെ ധനസമാഹരണവുമായി സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. കഴിഞ്ഞ താരം ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. കിക്ക് ദി വൈറസ് എന്ന് പേരിട്ടു വിളിക്കുന്ന ഒരു ക്യാമ്പയിനാണ് താരം തുടക്കം കുറിച്ചിരിക്കുന്നത്. ഇറ്റലിയിലെ ആശുപത്രികൾക്ക് പണം നൽകലാണ് ഇത് വഴി ഇബ്രാഹിമോവിച്ച് നടപ്പാക്കുന്നത്.
മിലാൻ, ടുറിൻ, റൊസാനോ, ബെർഗാമോ എന്നിവിടങ്ങളിലെ ആശുപത്രികൾക്കാണ് സ്ലാട്ടൻ സഹായമെത്തിക്കുന്നത്. മറ്റു താരങ്ങളോടും ഈ ക്യാമ്പയിനിൽ പങ്കാളികളാവാൻ സ്ലാട്ടൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
” ഞാൻ സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. ഇറ്റലി എപ്പോഴും എനിക്ക് ഒരുപാട് തന്നിട്ടുണ്ട്. ഈയൊരു നാടകീയ നിമിഷത്തിൽ, അതെല്ലാം ഞാൻ ഇഷ്ടപ്പെടുന്ന ഈ രാജ്യത്തിന് തിരിച്ചുനൽകണം. എന്നോടൊപ്പം പ്രവർത്തിക്കുന്ന എല്ലാവരെയും ഒരുമിച്ചു കൂട്ടാനും അത് വഴി പണം സമാഹരിക്കാനും ഞാൻ തീരുമാനിച്ചിരിക്കുന്നു. ആ പണമെല്ലാം ആശുപത്രികൾക്ക് കൈമാറും. ഇതൊരു ഗൗരവമായ വിഷയമാണെന്നും എന്റെ കമ്മ്യൂണിക്കേഷൻ പവറുപയോഗിച്ച് ഈ സന്ദേശം എല്ലാവരിലേക്കുമെത്തിക്കാൻ ഞാൻ ശ്രമിക്കും ” ഇബ്രാഹിമോവിച്ച് ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു.
” ഞാൻ എന്റെ കൂട്ടുകാർക്കിടയിൽ ദാനശീലമുള്ളവരുടെ എണ്ണമെടുത്തു കൊണ്ടിരിക്കുകയാണ്. അവർ അവരെകൊണ്ടാവും വിധം ചെറുതോ വലുതോ ആയ സഹായങ്ങൾ വഴി ഇതിൽ പങ്കുചേരും. ആശുപത്രികളെയും അവിടെ ജോലി ചെയ്യുന്ന ഡോക്ടർമാരെയും നഴ്സുമാരെയും നാം ചേർത്തുപിടിക്കേണ്ടതുണ്ട്. കൊറോണ വൈറസിനെ നമ്മുക്ക് ഒരുമിച്ചു നിന്ന് കൊണ്ട് ചവിട്ടി പുറത്താക്കി ഈ മത്സരത്തിൽ നമുക്ക് വിജയം നേടാം ” സ്ലാട്ടൻ ഇൻസ്റ്റാഗ്രാമിൽ കൂട്ടിച്ചേർത്തു.