കിങ് ഈസ്‌ ബാക്ക്! ആരാധകരുടെ മനം നിറച്ച് ക്രിസ്റ്റ്യാനോ

കഴിഞ്ഞ രണ്ട് മൂന്നു മത്സരങ്ങൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചെടുത്തോളം അത്ര സുഖകരമായ രീതിയിൽ അല്ലായിരുന്നു അവസാനിച്ചത്. മത്സരങ്ങൾ പുനരാരംഭിച്ച ശേഷം താരത്തിന് യഥാർത്ഥ ഫോമിലേക് എത്താൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല പലയിടത്തും പിഴക്കുകയും ചെയ്തു. ആദ്യമായി എസി മിലാനെതിരെ പെനാൽറ്റി പാഴാക്കുകയായിരുന്നു. എങ്കിലും ആദ്യപാദത്തിന്റെ ബലത്തിൽ ഫൈനലിലേക്ക് കേറിയ യുവന്റസിന് നാപോളിക്ക് മുൻപിൽ കിരീടം അടിയറവ് വെക്കാനായിരുന്നു വിധി. ക്രിസ്റ്റ്യാനോക്കാവട്ടെ പ്രതാപകാലത്തിന്റെ നിഴലിൽ പോലും എത്താൻ കഴിഞ്ഞില്ല. പിന്നീട് ബോലോഗ്‌നക്കെതിരെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു കൊണ്ട് ക്രിസ്റ്റ്യാനോ തന്റെ ഗോൾ വരൾച്ചക്ക് വിരാമമിട്ടു. എന്നിരുന്നാലും താരത്തിന്റെ പ്രകടനം ആരാധകർക്ക് സംതൃപ്തി നൽകിയിരുന്നില്ല. എന്നാൽ ഇന്നലെ താരം ഫോം വീണ്ടെടുത്തതിന്റെ സൂചനകളായിരുന്നു മത്സരത്തിലുടനീളം. തുടക്കം മുതൽ ആക്രമണോൽസുകത കാണിച്ച ക്രിസ്റ്റ്യാനോ ലെച്ചെ ഗോൾ മുഖത്ത് നിരന്തരം ഭീഷണിയുയർത്തിയിരുന്നു. ഫലമായി ഒരു ഗോളും രണ്ട് അസിസ്റ്റും സ്വന്തം പേരിൽ ചേർത്താണ് താരം കളം വിട്ടത്. മാത്രമല്ല കേവലം രണ്ട് സീസൺ കൊണ്ട് സിരി എയിലെ വിത്യസ്ത ഇരുപത് ടീമുകൾക്കെതിരെ താരം ഗോൾ നേടികഴിഞ്ഞു. താരം നേരിട്ട ഒരു ക്ലബ്‌ മാത്രമാണ് ഇനി ക്രിസ്റ്റ്യാനോക്ക് ഗോൾ നേടാൻ അവശേഷിക്കുന്നത്.

മത്സരത്തിന്റെ നാല്പത്തിയൊന്നാം മിനിറ്റിലായിരുന്നു റൊണാൾഡോ ലെച്ചെ ഗോൾ മുഖത്ത് വലിയ രീതിയിൽ ഭീഷണിയായത്. പൌലോ ദിബാലയുടെ കോർണർ കിക്കിൽ നിന്നും ഒരു ഫ്രീ ഹെഡറിലൂടെ ഗോൾ നേടാനുള്ള അവസരം ക്രിസ്റ്റ്യാനോക്ക് ലഭിച്ചു. എന്നാൽ താരത്തിന്റെ ഹെഡർ ബാറിന് മുകളിലൂടെ വെളിയിലേക്ക് പോവുകയായിരുന്നു. രണ്ട് മിനുട്ടുകൾക്ക് ശേഷം റൊണാൾഡോ വീണ്ടും ഭീഷണിയായി. താരത്തിന്റെ മനോഹരമായ ക്രോസിന് കാൽവെച്ച് ഗോൾ പോസ്റ്റിലേക്ക് എത്തിക്കുന്ന ജോലിയെ ബെർണാഡ്ഷിക്കുണ്ടായിരുന്നൊള്ളു. എന്നാൽ ആ സുവർണ്ണാവസരവും യുവന്റസ് കളഞ്ഞു കുളിച്ചു. അൻപത്തിമൂന്നാം മിനുട്ടിലാണ് റൊണാൾഡോയുടെ ആദ്യ അസിസ്റ്റ് പിറന്നത്. താരം വെച്ച് നൽകിയ പന്ത് പൌലോ ദിബാല ബോക്സിന് വെളിയിൽ നിന്ന് തൊടുത്ത ഷോട്ടിലൂടെ വലയിലെത്തിച്ചു. 62-ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ തന്നെ ഗോൾ കണ്ടെത്തി. താരത്തിനെ തന്നെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഒരു പിഴവും കൂടാതെ ക്രിസ്റ്റ്യാനോ ലക്ഷ്യത്തിലെത്തിച്ചു. 83-ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ ലെച്ചെക്ക് മേൽ വീണ്ടും പ്രഹരശേഷി ഏൽപ്പിച്ചു. റൊണാൾഡോ മനോഹരമായ മുന്നേറ്റത്തിനൊടുവിൽ, താരം ഒരു ബാക്ക്ഹീൽ പാസിലൂടെ ഹിഗ്വയ്ന് കൈമാറി. പന്ത് പിടിച്ചെടുത്ത ഹിഗ്വയ്ൻ ഒരു ഷോട്ടിലൂടെ ഗോൾ നേടി. കോസ്റ്റയുടെ ക്രോസിൽ നിന്ന് ഡി ലൈറ്റ് കൂടി ഗോൾ നേടിയതോടെ ഗോൾ പട്ടിക പൂർത്തിയായി. ക്രിസ്റ്റ്യാനോയുടെ ഫോം വരും മത്സരങ്ങളിൽ തുടരുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *