കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ എസി മിലാൻ വിടുമെന്ന് ഇബ്രാഹിമോവിച്ചിന്റെ മുന്നറിയിപ്പ്

എസി മിലാന്റെ പ്രകടനത്തിൽ അസംതൃപ്തി പ്രകടിപ്പിച്ച് സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് രംഗത്ത്. ഈ സാഹചര്യങ്ങൾ ഇങ്ങനെ തുടരുകയാണെങ്കിൽ താരം മിലാൻ വിടുമെന്നും കാര്യങ്ങൾ മാറാതെ എസി മിലാനിൽ തുടരുന്ന പ്രശ്നമില്ലെന്നും താരം അറിയിച്ചു. കഴിഞ്ഞ ദിവസം ലാ ഗസറ്റ ഡെല്ലോ സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് താരം എസി മിലാനെതിരെ തന്റെ നിലപാട് വ്യക്തമാക്കിയത്. എസി മിലാൻ യൂറോപ്പ ലീഗിൽ കളിക്കേണ്ട ടീം അല്ലെന്നും ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയില്ലെങ്കിൽ താൻ ക്ലബ് വിടുമെന്നാണ് താരത്തിന്റെ മുന്നറിയിപ്പ്. ഇബ്ര യൂറോപ്പ ലീഗിൽ കളിക്കേണ്ട താരമല്ലെന്നും ഇബ്ര വിജയിക്കാൻ വേണ്ടി മാത്രം കളിക്കുന്ന താരമാണെന്നും അല്ലെങ്കിൽ താൻ വീട്ടിൽ തന്നെ ഇരിക്കുമെന്നും താരം കൂട്ടിച്ചേർത്തു. അഭിമുഖത്തിൽ തന്നെ സ്വയം ഇബ്ര എന്ന് വിളിച്ചാണ് ഇബ്രാഹിമോവിച്ച് സംസാരിച്ചത്.നിലവിൽ സിരി എയിൽ ഏഴാം സ്ഥാനത്താണ് മിലാൻ. ഇതിനാൽ തന്നെ യൂറോപ്പ ലീഗ് യോഗ്യത തന്നെ ക്ലബിന് പ്രതീക്ഷയില്ല. ആ അവസരത്തിലാണ് താരം കടുത്ത അസംതൃപ്‌തി പ്രകടിപ്പിച്ചത്.

” ഇബ്ര വിജയിക്കാൻ വേണ്ടിയാണ് എപ്പോഴും കളിക്കുന്നത്. അല്ലെങ്കിൽ വീട്ടിൽ തന്നെ ഇരിക്കും. അമേരിക്കയിൽ വിരമിക്കുന്നത് എളുപ്പമാണ് എന്ന് എന്നോട് എല്ലാവരും പറഞ്ഞു. അപ്പോൾ ഞാൻ എസി മിലാനിലേക്ക് തന്നെ തിരിച്ചു വന്നു. എല്ലാ വിധ ആത്മാർത്ഥതയോടെയാണ് വന്നത്. എന്നാൽ കോവിഡ് പ്രതിസന്ധി പ്രശ്നങ്ങൾ സൃഷ്ടിച്ചു. ആരൊക്കെയോ എന്നോട് വിരമിക്കാൻ വേണ്ടി പറയുന്ന പോലെ എനിക്ക് തോന്നി. ഭാഗ്യവശാൽ ഫുട്ബോൾ തിരിച്ചെത്തി. ഞാൻ ടീമിനൊപ്പം ചേരാൻ എന്നോ തയ്യാറായിട്ടുണ്ടായിരുന്നു. എന്നാൽ എന്നോട് അവർ പറഞ്ഞത് പതിയെ മതി എന്നാണ്. ഇബ്ര ഫുട്ബോൾ കളിക്കാൻ വേണ്ടി മാത്രം ജനിച്ചതാണ്. ഇപ്പോഴും നല്ല രീതിയിൽ തന്നെയാണ് താൻ കളിക്കുന്നത്. പക്ഷെ ക്ലബിന് എന്താണ് സംഭവിക്കുന്നത് എന്ന് നോക്കൂ. സത്യസന്ധമായി പറയട്ടെ… ഈ സാഹചര്യങ്ങൾ മാറിയിട്ടില്ലെങ്കിൽ എന്നെ അടുത്ത സീസണിൽ നിങ്ങൾ മിലാനിൽ കാണില്ല. ഇബ്ര യൂറോപ്പ ലീഗിൽ കളിക്കേണ്ട താരമല്ല. എസി മിലാൻ യൂറോപ്പ ലീഗിൽ തുടരേണ്ട ക്ലബുമല്ല. എസി മിലാന് ശേഷം തന്റെ മുന്നിൽ മറ്റൊരു ക്ലബ് ഉണ്ടോ എന്ന് എനിക്കറിയില്ല. പക്ഷെ ഞാൻ അവസരങ്ങളെ നഷ്ടപ്പെടുത്തുന്ന ആളല്ല ” അഭിമുഖത്തിൽ ഇബ്രാഹിമോവിച്ച് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *