കരാർ പുതുക്കൽ, ഡിബാലയും യുവന്റസും രണ്ട് വഴിയിൽ!

അടുത്ത വർഷമാണ് അർജന്റൈൻ സൂപ്പർ താരം പൌലോ ഡിബാലയുടെ യുവന്റസുമായുള്ള കരാർ അവസാനിക്കുക. ക്ലബ്ബിൽ തുടരാൻ ഡിബാലക്കും അദ്ദേഹത്തെ നില നിർത്താൻ യുവന്റസിനും താല്പര്യമുണ്ടെന്ന് വ്യക്തമായതാണ്. അത്കൊണ്ട് തന്നെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇപ്പോൾ നടക്കുന്നുണ്ട്. ഡിബാലയുടെ ഏജന്റായ ജോർഗെ ആന്റുൺ കഴിഞ്ഞ ദിവസങ്ങളിൽ യുവന്റസ് അധികൃതരുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഈ ചർച്ചയിൽ ഇരു കൂട്ടർക്കും ധാരണയിൽ എത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.

ക്ലബും താരവും ഇപ്പോൾ രണ്ട് വഴിയിലാണ് എന്നാണ് വ്യക്തമാവുന്നത്. അതായത് ബോണസുമടക്കം ഒരു വർഷത്തെ സാലറിയായി 10 മില്യൺ യൂറോയാണ് യുവന്റസ് ഡിബാലക്ക്‌ വാഗ്ദാനം ചെയ്തിട്ടുള്ളത്. എന്നാൽ ഇത്‌ അംഗീകരിക്കാൻ ഏജന്റ് തയ്യാറായിട്ടില്ല.12 മില്യൺ യൂറോ ലഭിക്കണമെന്നാണ് ഡിബാലയുടെ ഭാഗത്തിന്റെ ആവിശ്യം. അത് മാത്രമല്ല കരാറിന്റെ വർഷങ്ങളുടെ കാര്യത്തിലും തീരുമാനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല.2025 വരെയാണ് യുവന്റസ് പുതിയ കരാർ താരത്തിന് ഓഫർ ചെയ്തിരിക്കുന്നത്.എന്നാൽ ഒരു വർഷം കൂടി അഡീഷണലായി വേണമെന്നാണ് ഏജന്റ് ആവിശ്യപ്പെട്ടിരിക്കുന്നത്.

2015-ൽ പാലെർമോയിൽ നിന്നായിരുന്നു ഡിബാല യുവന്റസിൽ എത്തിയത്. യുവന്റസിന്റെ നിർണായക താരമാവാൻ താരത്തിന് കഴിഞ്ഞിരുന്നു. എന്നാൽ പരിക്ക് മൂലം കഴിഞ്ഞ സീസണിൽ തിളങ്ങാൻ ഡിബാലക്ക്‌ സാധിച്ചിരുന്നില്ല. ഏതായാലും ഡിബാലയുടെ കരാർ പുതുക്കാനാവുമെന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് നിലവിൽ യുവന്റസുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *