കരാർ പുതുക്കും, ക്യാപ്റ്റനാക്കും, ദിബാലയെ വെച്ചുള്ള യുവന്റസിന്റെ പദ്ധതികൾ ഇങ്ങനെ

ഭാവിയിൽ യുവന്റസിന്റെ ‘മുഖ’മാവാൻ ഒരുങ്ങുകയാണ് അർജന്റൈൻ സ്ട്രൈക്കെർ പൌലോ ദിബാല. താരത്തെ വെച്ച് നിരവധി പദ്ധതികളാണ് നിലവിൽ യുവന്റസ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഭാവിയിൽ ഒരു ബ്രാൻഡ് ആയി വളരാൻ ലാ ജോയക്ക് കഴിയുമെന്നാണ് യുവന്റസ് അധികൃതർ വിശ്വസിക്കുന്നത്. അതിനാൽ തന്നെ താരത്തിനെ യുവന്റസിനെ ഏറ്റവും പ്രധാനപ്പെട്ട താരവും ഐക്കണുമായി വളർത്താനാണ് ക്ലബ്‌ ആഗ്രഹിക്കുന്നത്. താരത്തിന്റെ കരാർ പുതുക്കാനുള്ള ചർച്ചകൾ ഇപ്പോഴേ യുവന്റസ് ആരംഭിച്ചു കഴിഞ്ഞു എന്നാണ് ഇറ്റാലിയൻ മാധ്യമമായ ട്യൂട്ടോസ്പോർട്ടിന്റെ കണ്ടെത്തൽ. ക്ലബിന്റെ ഭാവി ക്യാപ്റ്റൻ ആയി കണ്ടുവെച്ചിരിക്കുന്നതും ലാ ജോയയെയാണ്.

കഴിഞ്ഞ ട്രാൻസ്ഫർ സമയത്ത് താരം ടോട്ടൻഹാമിലേക്ക് കൂടുമാറുമെന്ന വാർത്തകൾ ഒക്കെ പരന്നിരുന്നുവെങ്കിലും താരം യുവന്റസിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇപ്രാവശ്യം താരത്തിന്റെ കരാർ ഓഗസ്റ്റിന് മുൻപ് തന്നെ പുതുക്കാനുള്ള ഒരുക്കത്തിലാണ് ക്ലബ്‌. താരത്തിന്റെ ഏജന്റുമായി ചർച്ചകൾ നടത്തി തുടങ്ങിയിട്ടുണ്ട്. നിലവിൽ 2022 വരെ കരാർ ദിബാലക്ക് ഉണ്ടെങ്കിലും അത് 2025 വരെ നീട്ടാൻ ആണ് യുവന്റസ് ഉദ്ദേശിക്കുന്നത്. താരത്തിന്റെ സാലറി വർധിപ്പിക്കാമെന്നും യുവന്റസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ താരത്തെ ഭാവിയിൽ ടീമിന്റെ ക്യാപ്റ്റൻ ആക്കാനും യുവന്റസ് തീരുമാനിച്ചിട്ടുണ്ട്. 26-കാരനായ താരം ഈ സീസണിൽ മികച്ച ഫോമിലാണ്. ആകെ 41 മത്സരങ്ങൾ കളിച്ച താരം 17 ഗോളുകളും 13 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *