ഓഫർ പിൻവലിക്കും, ദിബാലയെ കൈവിടാനൊരുങ്ങി യുവന്റസ്!

ഈ സീസണിൽ ഫോമിലേക്കുയരാൻ സാധിക്കാതെ പോയ താരമാണ് പൌലോ ദിബാല. അത്‌ മാത്രമല്ല ദിവസങ്ങൾക്ക് മുമ്പ് താരം ഒരു വിവാദത്തിലകപ്പെടുകയും ചെയ്തിരുന്നു.കോവിഡ് നിയമങ്ങൾ തെറ്റിച്ചു കൊണ്ട് സഹതാരങ്ങളായ ആർതർ, മക്കെന്നി എന്നിവർക്കൊപ്പം താരം പ്രൈവറ്റ് പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഇതിനെ തുടർന്ന് വലിയ തോതിലുള്ള പ്രശ്നങ്ങൾ താരത്തിന് നേരിടേണ്ടി വന്നിരുന്നു. ഏതായാലും താരത്തെ യുവന്റസ് കൈവിട്ടേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.താരത്തിന് നൽകിയ പുതിയ ഓഫർ യുവന്റസ് പിൻവലിച്ചെക്കുമെന്നും ദിബാലക്ക് ക്ലബ് വിടാനുള്ള അനുമതി നൽകുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇറ്റാലിയൻ മാധ്യമമായ കാൽസിയോമെർകാറ്റോ ഡോട്ട് കോമാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

നിലവിൽ 7.5 മില്യൺ യൂറോ വാർഷികസാലറിയായി ലഭിച്ചു കൊണ്ട് 2022 വരെയാണ് ദിബാലക്ക് യുവന്റസിൽ കരാറുള്ളത്. ഈ കരാർ പുതുക്കാൻ വേണ്ടി 10 മില്യൺ യൂറോ വാർഷികസാലറിയുടെ ഒരു ഓഫർ ദിബാലക്ക് യുവന്റസ് നൽകിയിരുന്നു. എന്നാൽ 15 മില്യൺ യൂറോ വേണമെന്നാണ് ദിബാലയുടെ ആവിശ്യം. ഇത്‌ അംഗീകരിക്കാൻ യുവന്റസ് തയ്യാറായില്ല എന്ന് മാത്രമല്ല 10 മില്യൺ യൂറോയുടെ ഓഫർ പിൻവലിക്കാനാണ് നിലവിൽ യുവന്റസ് തീരുമാനിച്ചിരിക്കുന്നത്.ഇതോടെ ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരം ക്ലബ് വിട്ടേക്കും അല്ലായെങ്കിൽ അടുത്ത സമ്മറിൽ ഫ്രീ ഏജന്റ് ആയിക്കൊണ്ട് താരത്തിന് യുവന്റസ് വിടേണ്ടി വരും.

2015-ൽ പാലെർമോയിൽ നിന്ന് 40 മില്യൺ യൂറോക്കാണ് താരം യുവന്റസിലെത്തിയത്.ഇതുവരെ 243 മത്സരങ്ങളിൽ നിന്ന് 98 ഗോളുകൾ യുവന്റസിന് വേണ്ടി നേടാൻ ദിബാലക്ക് സാധിച്ചിട്ടുണ്ട്. താരം എത്രയും പെട്ടന്ന് ഫോം വീണ്ടെടുക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *