ഒഫീഷ്യൽ: നാപോളിയുടെ സ്റ്റേഡിയത്തിന് മറഡോണയുടെ പേര് നൽകി!

നവംബർ ഇരുപത്തിയഞ്ചാം തിയ്യതിയായിരുന്നു ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ഇതിഹാസതാരം മറഡോണ ഈ ലോകത്തോട് വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം ഈ ലോകത്തെ വിട്ടുപിരിഞ്ഞത്. ലോകം മുഴുവനും അദ്ദേഹത്തിന്റെ വേർപിരിയലിൽ അനുശോചനമറിയിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെ നാപോളിയുടെ ഹോം ഗ്രൗണ്ടിന് മറഡോണയുടെ നാമം നൽകുമെന്ന് നാപോളി അധികൃതരും നാപോളി മേയറും അറിയിച്ചിരുന്നു. അത്‌ ഔദ്യോഗികമായിരിക്കുകയാണിപ്പോൾ. ഇനി മുതൽ നാപോളിയുടെ സ്റ്റേഡിയം മറഡോണയുടെ പേരിലായിരിക്കും അറിയപ്പെടുക.

സാൻ പോളോ എന്ന പേര് മാറ്റിക്കൊണ്ടാണ് സ്റ്റേഡിയത്തിന് ഡിയഗോ അർമാണ്ടോ മറഡോണ എന്ന പേര് നൽയിരിക്കുന്നത്. ഇക്കാര്യം ഇന്നലെ നാപോളി മുൻസിപ്പാലിറ്റി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച ഒരു പ്രസ്താവന അവർ ഇറക്കുകയും ചെയ്തു. നാപോളിയുടെ എക്കാലത്തെയും മികച്ച താരമാണ് മറഡോണ. നാപോളിക്ക്‌ രണ്ട് സിരി എയും ഒരു യുവേഫ കപ്പും നേടികൊടുത്തത് മറഡോണയായിരുന്നു. 1984-ലായിരുന്നു മറഡോണ നാപോളിയിൽ എത്തിയത്. തുടർന്ന് സിരി എയിൽ ഒരു വിപ്ലവം തന്നെ അദ്ദേഹം സൃഷ്ടിക്കുകയായിരുന്നു. യുവന്റസ്, എസി മിലാൻ, ഇന്റർമിലാൻ എന്നിവരെ പിന്തള്ളി ഇറ്റാലിയൻ കിരീടം രണ്ട് തവണ നാപോളിക്ക്‌ നേടികൊടുക്കാൻ മറഡോണക്ക്‌ സാധിച്ചു. 115 ഗോളുകളായിരുന്നു താരം ഇക്കാലയളവിൽ അടിച്ചു കൂട്ടിയിരുന്നത്. ഇതിനാലാണ് ഓരോ നാപോളി ആരാധകനും മറഡോണയെ ജീവന് തുല്യം ഇഷ്ടപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *