എസി മിലാൻ സൂപ്പർതാരത്തിന് വമ്പൻ ഓഫർ നൽകാനൊരുങ്ങി പിഎസ്ജി!

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ ക്ലബുമായുള്ള കരാർ അവസാനിക്കാൻ ഇനി ആഴ്ച്ചകൾ മാത്രമാണ് അവശേഷിക്കുന്നത്.എംബപ്പേ ഈ കരാർ പുതുക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഇതുവരെ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ല.താരം റയലിലേക്ക് ചേക്കേറുമെന്നുള്ള അഭ്യൂഹങ്ങളും ഇപ്പോൾ സജീവമാണ്.

ഏതായാലും താരം ക്ലബ്ബ് വിടുകയാണെങ്കിൽ ആസ്ഥാനത്തേക്ക് പല സ്ട്രൈക്കർമാരെയും പിഎസ്ജി കണ്ടുവെച്ചിട്ടുണ്ട്. അതിൽ പെട്ട ഒരു താരമാണ് എസി മിലാന്റെ സൂപ്പർ താരമായ റഫയേൽ ലിയാവോ.താരത്തിന് വേണ്ടി 70 മില്യൺ യുറോയുടെ ഓഫർ നൽകാൻ വരെ പിഎസ്ജി തയ്യാറായി കഴിഞ്ഞു എന്നുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. പ്രമുഖ മാധ്യമമായ കാൽസിയോ മെർക്കാറ്റോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

22-കാരനായ താരത്തിന്റെ കരാർ 2024 ലാണ് അവസാനിക്കുക. ഈ കരാർ പുതുക്കാൻ താൽപര്യമുണ്ടെങ്കിലും താരം ആവശ്യപ്പെടുന്ന സാലറിയാണ് ഇപ്പോൾ എസി മിലാന് തലവേദന സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ താരത്തെ കൈവിടണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ മിലാൻ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. നിലവിൽ പിഎസ്ജി തന്നെയാണ് താരത്തിൽ ഏറ്റവും കൂടുതൽ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്ന ക്ലബ്ബ്.

ഈ സീസണിൽ 32 മത്സരങ്ങളാണ് താരം സിരി എയിൽ കളിച്ചിട്ടുള്ളത്. ഇതിൽ നിന്നായി 10 ഗോളുകളും 6 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.പോർച്ചുഗല്ലിന്റെ സീനിയർ ടീമിന് വേണ്ടി കളിക്കാനും ലിയാവോക്ക് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *