എനിക്ക് ഇരുപത് വയസ്സായിരുന്നുവെങ്കിൽ ഞാൻ നാലെണ്ണമടിച്ചേനേ, ഇരട്ടഗോൾ നേടിക്കൊണ്ട് ഇബ്രാഹിമോവിച്ച് പറയുന്നു!

തനിക്ക് ഇരുപത് വയസ്സ് ആയിരുന്നുവെങ്കിൽ താൻ നാലു ഗോളുകൾ അടിച്ചേനേയെന്ന് സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. ഇന്നലെ നടന്ന എസി മിലാൻ ബോലോഗ്ന മത്സരത്തിന് ശേഷം സ്കൈ സ്‌പോർട്സ് ഇറ്റാലിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. മത്സരത്തിൽ ഇരട്ടഗോളുകൾ നേടികൊണ്ട് ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ ഇബ്രക്ക് സാധിച്ചിരുന്നു. മത്സരത്തിന്റെ മുപ്പത്തിയഞ്ചാം മിനിറ്റിലായിരുന്നു താരത്തിന്റെ ആദ്യ ഗോൾ പിറന്നത്. തിയോ ഹെർണാണ്ടസിന്റെ ഒരു ക്രോസിൽ നിന്ന് ഉജ്ജ്വലഹെഡറിലൂടെ താരം വലകുലുക്കുകയായിരുന്നു. തുടർന്ന് അൻപതാം മിനുട്ടിൽ താരം ഇരട്ടഗോളും തികച്ചു. പെനാൽറ്റിയിലൂടെയാണ് താരം രണ്ടാം ഗോൾ നേടിയത്. ഈ രണ്ട് ഗോളുകളുടെ ബലത്തിലാണ് എസി മിലാൻ ബോലോഗ്‌നയെ കീഴടക്കിയത്. മത്സരത്തിൽ ഗോൾ നേടാൻ തുടർന്നും ഇബ്രക്ക് അവസരങ്ങൾ ലഭിച്ചിരുന്നു. താൻ ബെഞ്ചമിൻ ബട്ടനെ പോലെയാണ് എന്നാണ് ഇബ്ര പറഞ്ഞത്. വൃദ്ധനായി ജനിച്ച് കൊച്ചുകുഞ്ഞായി മരിക്കുന്ന ഇംഗ്ലീഷ് സിനിമ കഥാപാത്രമാണ് ബെഞ്ചമിൻ ബട്ടൺ. പ്രായം കൂടുംതോറും താൻ യുവാവായി മാറുകയാണ് എന്നാണ് ഇബ്ര ഇതിലൂടെ അർത്ഥമാക്കിയത്.

” ഞാൻ നല്ല രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോവുന്നത്. ഇത് രണ്ടാമത്തെ ഒഫീഷ്യൽ മത്സരമാണ്. ഞങ്ങൾ വിജയിച്ചിരിക്കുന്നു. എനിക്കിനിയും കൂടുതൽ ഗോളുകൾ നേടാമായിരുന്നു. എനിക്ക് ഇരുപത് വയസ്സ് ആയിരുന്നുവെങ്കിൽ, ഞാൻ നാല് ഗോളുകൾ നേടിയേനെ. ഞാൻ ബെഞ്ചമിൻ ബട്ടണെ പോലെയാണ്. ഞാൻ വൃദ്ധനായി ജനിക്കുകയും യുവാവായി മരിക്കുകയും ചെയ്യും. തീർച്ചയായും ഞങ്ങൾ നൂറ് ശതമാനം മികച്ചവർ ഒന്നുമല്ല. ഞങ്ങൾ മത്സരത്തിൽ ചില പിഴവുകൾ വരുത്തിയിട്ടുണ്ട്. ഇന്ന് ഏറെ നിർണായകമായ വിജയമാണ് നേടിയത്. കഴിഞ്ഞ വർഷത്തിനേക്കാൾ മികച്ച ഒരു ലക്ഷ്യം ഇപ്പോൾ ഞങ്ങൾക്കുണ്ട്. യുവതാരങ്ങൾ മികച്ച രീതിയിൽ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. അച്ചടക്കത്തോടെ ഓരോ ദിവസവും മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കാണിക്കുന്നു. ഉത്തരവാദിത്തങ്ങൾ എനിക്ക് ഇഷ്ടമാണ്. എന്റെ പ്രായത്തെ കുറിച്ച് സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നുമില്ല ” ഇബ്രാഹിമോവിച്ച് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *