എങ്ങോട്ടുമില്ല, സ്ലാട്ടൻ എസി മിലാനിൽ തന്നെ തുടരും!

എസി മിലാന്റെ സ്വീഡിഷ് സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ക്ലബ് വിട്ട് എങ്ങോട്ടുമില്ല. താരത്തിന്റെ കരാർ പുതുക്കിയതായി എസി മിലാൻ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു വർഷത്തേക്കാണ് കരാർ നീട്ടിയത്. ഇതോടെ 2022 ജൂൺ വരെ സ്ലാട്ടൻ മിലാനൊപ്പമുണ്ടാവും.39-കാരനായ താരം 2020 ജനുവരിയിലാണ് ലാ ഗാലക്സിയിൽ നിന്നും മിലാനിലേക്ക് മടങ്ങിയെത്തിയത്. തുടർന്ന് താരം മികച്ച പ്രകടനം കാഴ്ച്ചവെച്ചതിനെ തുടർന്നാണ് മിലാൻ കരാർ പുതുക്കിയത്. ഈ സിരി എയിൽ 17 മത്സരങ്ങളിൽ നിന്ന് 15 ഗോളും 2 അസിസ്റ്റും താരം നേടിയിട്ടുണ്ട്. നിലവിൽ പരിക്കിന്റെ പിടിയിലാണ് താരം. അതേസമയം മിലാന് വേണ്ടി ആകെ 130 മത്സരങ്ങളിൽ 84 ഗോളുകൾ താരം നേടിയിട്ടുണ്ട്. കരാർ പുതുക്കനായതിൽ സ്ലാട്ടൻ സന്തോഷം പ്രകടിപ്പിച്ചു.മിലാൻ തന്റെ വീടാണെന്നും ജീവിതം കാലം മുഴുവൻ ഇവിടെ തുടരാനുള്ള അവസരം ലഭിച്ചാൽ സന്തോഷത്തോടെ തുടരുമെന്നുമാണ് സ്ലാട്ടൻ പറഞ്ഞത്. കരാർ പുതുക്കിയതിന് ശേഷം മിലാൻ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” എനിക്കൊരുപാട് സന്തോഷം തോന്നുന്നു.ഞാൻ ഈ ദിവസത്തിന് വേണ്ടിയായിരുന്നു കാത്തിരുന്നത്. ഇപ്പോഴിതാ എനിക്ക് ഒരു ഒരു വർഷം കൂടി ലഭിച്ചിരിക്കുന്നു.എന്നെ സംബന്ധിച്ചിടത്തോളം ഇത്‌ വളരെ പ്രധാനപ്പെട്ട ഒന്നാണ്.ഞാനെപ്പോഴും പറയാറുണ്ട്, മിലാന് വേണ്ടി കളിക്കുക എന്നുള്ളത് വീട്ടിൽ ഇരിക്കുന്ന പോലെയാണ്.ക്ലബ് എന്നോട് കാണിക്കുന്ന പെരുമാറ്റം എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.ഇവിടുത്തെ സഹതാരങ്ങളും പരിശീലകരും ആരാധകരും എന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്.ഞാൻ ഈ ക്ലബ്ബിനെ ഏറെ സ്നേഹിക്കുന്നു. യഥാർത്ഥത്തിൽ എനിക്കിത് വീട് പോലെയാണ്. ജീവിതകാലം മുഴുവനും ഇവിടെ തുടരാൻ അവസരം ലഭിക്കുകയാണെങ്കിൽ സന്തോഷത്തോടെ ഇവിടെ തുടരും ” സ്ലാട്ടൻ പറഞ്ഞു. നിലവിൽ എസി മിലാൻ സിരി എയിൽ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനക്കാരായ ഇന്ററുമായി പത്ത് പോയിന്റിന്റെ വിത്യാസത്തിലാണ് മിലാൻ ഉള്ളത്. ഏതായാലും അടുത്ത സീസണിൽ കൂടി സ്ലാട്ടൻ ക്ലബ്ബിനൊപ്പമുള്ളത് മിലാന് ഏറെ സഹായകരമാവും.

Leave a Reply

Your email address will not be published. Required fields are marked *