എങ്ങോട്ടുമില്ല, ഇകാർഡി ഇനി പിഎസ്ജിക്ക് സ്വന്തം

അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ട് കൊണ്ട് ഇകാർഡി പിഎസ്ജിയിൽ തന്നെ തുടരുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ സീസണോടെ താരത്തിന്റെ ലോൺ കാലാവധി തീരാനിരിക്കുകയായിരുന്നു. താരത്തിന്റെ ക്ലബായ ഇന്റർമിലാൻ ആവശ്യപ്പെട്ട തുക നൽകാൻ പിഎസ്ജി തയ്യാറാവാത്തതിനാൽ താരം പിഎസ്ജി വിടേണ്ടി വരുമെന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പിഎസ്ജി ഇന്ററുമായി കരാറിലെത്തുകയും താരത്തെ സ്വന്തമാക്കുകയും ചെയ്തു. നാലു വർഷത്തെ കരാറിലാണ് പിഎസ്ജി താരവുമായി എത്തിച്ചേർന്നിട്ടുള്ളത്. 2024 ജൂൺ മുപ്പത് വരെ ഇനി താരം പിഎസ്ജി ജേഴ്സിയിലുണ്ടാവും.അൻപത് മില്യൺ യുറോയും കൂടെ എട്ട് മില്യൺ യുറോ ബോണസുമായി ആകെ അൻപത്തിയെട്ട് മില്യൺ യുറോ താരത്തെ സ്വന്തമാക്കാൻ പിഎസ്ജി ചിലവഴിച്ചെന്നാണ് റിപ്പോർട്ടുകൾ.

” 1993-ൽ ജനനം കൊണ്ട് മൗറോ ഇകാർഡി എന്ന സ്ട്രൈക്കെർ ഇന്റർമിലാൻ വിട്ട് പിഎസ്ജിയുമായി സ്ഥിരമായ കരാറിലെത്തിയിരിക്കുന്നു. ആറ് സീസണുകളിൽ ക്ലബിന് വേണ്ടി കളിച്ചതിൽ തങ്ങൾ അദ്ദേഹത്തിന് നന്ദി രേഖപ്പെടുത്തുന്നു. കൂടെ അദ്ദേഹത്തിന് നല്ലൊരു ഭാവിയും നേരുന്നു ” ഇന്റർമിലാൻ ഔദ്യോഗികപ്രസ്താവനയിൽ പറഞ്ഞു.2013-ൽ പതിമൂന്നു മില്യൺ യുറോക്കായിരുന്നു ഇകാർഡി സാംപഡോറിയയിൽ നിന്ന് ഇന്റർമിലാനിലേക്ക് എത്തിയത്. 219 മത്സരങ്ങളിൽ നിന്ന് 124 ഗോളുകൾ അദ്ദേഹം അടിച്ചു കൂട്ടി. എന്നാൽ കഴിഞ്ഞ വർഷം ക്ലബുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വഷളാവുകയായിരുന്നു. ക്യാപ്റ്റൻസി പദവി നഷ്ട്ടപ്പെടുകയും ചെയ്തതോടെ താരം ക്ലബ്‌ വിട്ട് ലോണിൽ പിഎസ്ജിയിലേക്കെത്തി. പിഎസ്ജിയിൽ കഴിഞ്ഞ സീസണിൽ 31 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ താരം നേടികഴിഞ്ഞു. കരാർ പ്രകാരം താരത്തിന്റെ വില എഴുപത് മില്യൺ യുറോ ആണെങ്കിലും കോവിഡ് പ്രതിസന്ധി കാരണം ഇന്റർ തുക കുറക്കാൻ സന്നദ്ധരാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *