ഈ യാത്രയുടെ ഭാഗമായവർക്കെല്ലാം നന്ദി, ക്രിസ്റ്റ്യാനോയുടേത് വിടവാങ്ങൽ സന്ദേശമോ?

ഈ ട്രാൻസ്ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമെന്നുള്ള അഭ്യൂഹങ്ങൾ വളരെ സജീവമാണ്. ഇതിനിടയിലാണ് ക്രിസ്റ്റ്യാനോ തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് സന്ദേശം നൽകിയത്. ഈ സീസണിലെ തന്റെയും യുവന്റസിന്റെയും പ്രകടനത്തെ കുറിച്ചും ഇംഗ്ലണ്ടിലും സ്പെയിനിലും ഇറ്റലിയിലും ടോപ് സ്‌കോറർ ആയതിനെ കുറിച്ചൊക്കെയുമാണ് ക്രിസ്റ്റ്യാനോ പോസ്റ്റിൽ പ്രതിപാദിക്കുന്നത്. എന്നാൽ അവസാനം എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടാണ് താരം അവസാനിപ്പിക്കുന്നത്. ഈ യാത്രയുടെ ഭാഗമായവർക്കെല്ലാം നന്ദി എന്നാണ് റൊണാൾഡോ കുറിച്ചിരിക്കുന്നത്. ഇത്‌ ചില ആരാധകർക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. താരം ക്ലബ് വിടുന്നതിന്റെ സൂചനയായിട്ടാണ് പലരും ഇതിനെ വ്യാഖ്യാനിക്കുന്നത്. ഏതായാലും റൊണാൾഡോയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ ചുരുക്കം ഇങ്ങനെയാണ്.

” ഒരു ടോപ് പ്ലെയറുടെ കരിയറിലായാലും ജീവിതത്തിലായാലും ഉയർച്ച താഴ്ച്ചകൾ ഉണ്ടാവും.ഞങ്ങൾ എപ്പോഴും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിച്ചിരുന്നു.ഈ വർഷം ഞങ്ങൾക്ക് സിരി എ നേടാൻ കഴിഞ്ഞില്ല. ഇന്റർമിലാനെ ഞങ്ങൾ അഭിനന്ദിക്കുന്നു. അവർ അർഹിച്ച കിരീടമാണ്.എന്നാൽ ഇറ്റാലിയൻ സൂപ്പർ കപ്പും ഇറ്റാലിയൻ കപ്പും സിരി എ ടോപ് സ്‌കോറർ പട്ടവും നേടാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്.ഒരുപാട് നേട്ടങ്ങൾ ഇവിടെ എനിക്ക് കരസ്ഥമാക്കാൻ കഴിഞ്ഞു.ഞാൻ മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട് ഞാൻ റെക്കോർഡുകളെ പിന്തുടരാറില്ല. റെക്കോർഡുകൾ എന്നെയാണ് പിന്തുടരാറുള്ളത്.ഫുട്ബോൾ ഒരു കളക്ടീവ് ഗെയിമാണ്.അവിടെ കൂടുതൽ വർക്ക്‌ ചെയ്യാനാണ് ശ്രമിക്കേണ്ടത്.സ്പെയിനിലെയും ഇംഗ്ലണ്ടിലെയും ഇറ്റലിയിലെയും ചാമ്പ്യനാവാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്.ഒരുപാട് നേട്ടങ്ങൾ ഈ ഇടങ്ങളിൽ കരസ്ഥമാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ഞാൻ പ്രതിനിധീകരിച്ച ക്ലബ്ബുകളുടെ ആരാധകർക്ക് സന്തോഷം നൽകാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്.എന്റെ അവസാന ദിവസം വരെ ഞാൻ ഇക്കാര്യങ്ങൾ എല്ലാം തുടരും.ഈ യാത്രയുടെ ഭാഗമായവർക്കെല്ലാം ഞാൻ നന്ദി പറയുന്നു ” ക്രിസ്റ്റ്യാനോ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *