ഇവിടം കൊണ്ട് നിർത്തുന്നില്ല, ആരാധകർക്ക് ക്രിസ്റ്റ്യാനോയുടെ സന്ദേശം!

കഴിഞ്ഞ ദിവസമായിരുന്നു ഫുട്ബോൾ ലോകത്തെ ആ അപൂർവ്വനേട്ടം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തം പേരിലാക്കിയത്. യുവന്റസിന് വേണ്ടി നൂറ് ഗോളുകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തം പേരിൽ കുറിച്ചത്. ഇതോടെ സ്വന്തം രാജ്യത്തിനായും മൂന്ന് വ്യത്യസ്ഥ ലീഗുകളിലെ ക്ലബുകൾക്കായും നൂറ് ഗോളുകൾ നേടുന്ന ഫുട്ബോൾ ചരിത്രത്തിലെ ആദ്യതാരമാവാനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സാധിച്ചത്. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളായ പ്രീമിയർ ലീഗിൽ യുണൈറ്റഡിന് വേണ്ടിയും ലാലിഗയിൽ റയലിന് വേണ്ടിയും സിരി എയിൽ യുവന്റസിന് വേണ്ടിയും ക്രിസ്റ്റ്യാനോ നൂറ് ഗോളുകൾ പൂർത്തിയാക്കിയിട്ടുണ്ട്. സ്വന്തം രാജ്യമായ പോർച്ചുഗല്ലിന് വേണ്ടിയും നൂറ് ഗോളുകൾ നേടാൻ കഴിഞ്ഞു എന്നുള്ളത് താരത്തിന്റെ ഈ നേട്ടത്തിന്റെ മാറ്റ് വർധിപ്പിക്കുന്നു.131 മത്സരങ്ങളിൽ നിന്നാണ് റൊണാൾഡോ യുവന്റസിന് വേണ്ടി നൂറ് ഗോളുകൾ പൂർത്തിയാക്കിയത്.ഈ നേട്ടം കുറിച്ചതിന് ശേഷം റൊണാൾഡോ തന്റെ ആരാധകർക്കായി ഒരു സന്ദേശം നൽകിയിരുന്നു.

‘ ഇവിടം കൊണ്ട് നിർത്തുന്നില്ല ‘ എന്ന സന്ദേശമാണ് തന്റെ ചിത്രത്തോടൊപ്പം റൊണാൾഡോ ആരാധകർക്കായി പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാമിലാണ് റൊണാൾഡോ ഈയൊരു സന്ദേശം പങ്കുവെച്ചത്.എന്നാൽ താരത്തിന്റെ ഈ നൂറ് ഗോളുകളിൽ പഴയ പ്രതാപം കാണാൻ സാധിക്കില്ല. കേവലം ഏഴ് ഗോളുകൾ മാത്രമാണ് താരത്തിന് ബോക്സിന് വെളിയിൽ നിന്നും നേടാനായത്.29 പെനാൽറ്റി ഗോളുകളും 18 ഹെഡർ ഗോളുകളും താരം നേടിയിട്ടുണ്ട്.61 ഗോളുകൾ വലതു കാൽ കൊണ്ട് നേടിയപ്പോൾ 21 ഗോളുകൾ താരം ഇടതു കാൽ കൊണ്ടും നേടിയിട്ടുണ്ട്. ഏതായാലും ഈ സീസണിന് ശേഷം താരം യുവന്റസ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ പരന്നിരിക്കെയാണ് താരം നിർത്താൻ ഉദ്ദേശമില്ലെന്ന് പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *