ഇരട്ടഗോൾ നേടി എസി മിലാനെ വിജയത്തിലേക്ക് നയിച്ചു, പിന്നാലെ പരിക്കേറ്റ് പുറത്തായി ഇബ്രാഹിമോവിച്ച് !

സിരി എയിൽ ഇന്നലെ നടന്ന മത്സരത്തിൽ നാപോളിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്‌ തകർത്ത് എസി മിലാൻ. ഇരട്ടഗോളുകൾ നേടിയ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ ചിറകിലേറിയാണ് എസി മിലാൻ വിജയം നേടിയത്. മത്സരത്തിന്റെ 20, 54 മിനുട്ടുകളിലാണ് സ്ലാട്ടൻ ഗോൾ നേടിയത്. ശേഷിച്ച ഗോൾ ജെൻസ് പീറ്റർ നേടിയപ്പോൾ നാപോളിയുടെ ഗോൾ ഡ്രൈസ് മെർട്ടൻസാണ് നേടിയത്. ജയത്തോടെ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം ഭദ്രമാക്കാൻ എസി മിലാന് സാധിച്ചു. എട്ട് മത്സരങ്ങളിൽ നിന്ന് ആറു വിജയവുമായി ഇരുപത് പോയിന്റാണ് മിലാന്റെ സമ്പാദ്യം. പതിനെട്ടു പോയിന്റുള്ള സാസുവോളോയാണ് രണ്ടാം സ്ഥാനത്ത്. അതേസമയം എസി മിലാനേറ്റ ഏറ്റവും വലിയ തിരിച്ചടി സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ പരിക്കായിരുന്നു.

മത്സരത്തിന്റെ 79-ആം മിനുട്ടിലാണ് ഇബ്രാഹിമോവിച്ച് പരിക്ക് മൂലം കളം വിടുന്നത്. താരത്തിന് മസിൽ ഇഞ്ചുറിയാണ് പിടിപ്പെട്ടിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. മുപ്പത്തിയൊമ്പതുകാരനായ താരത്തിന്റെ ഇടതു കാലിനാണ് പരിക്ക്. മിലാനെ സംബന്ധിച്ചെടുത്തോളം താരത്തിന്റെ പരിക്ക് വൻ തിരിച്ചടിയാണ്. ഈ സീസണിലെ മിലാന്റെ കുതിപ്പിൽ നിർണായകപങ്ക് വഹിക്കുന്നത് ഇബ്രാഹിമോവിച്ചാണ്. കേവലം ആറു മത്സരങ്ങൾ മാത്രം കളിച്ച താരം പത്ത് ഗോളുകൾ നേടിക്കഴിഞ്ഞു. നാലു മത്സരങ്ങൾ താരത്തിന് പരിക്ക് മൂലം നഷ്ടമായി കഴിഞ്ഞിരുന്നു. കൂടാതെ മറ്റൊരു താരമായ റാഫേൽ ലിയോയും പരിക്ക് മൂലം പുറത്താണ്. നിരവധി മത്സരങ്ങളാണ് ക്രിസ്മസ് അവധിക്ക്‌ മുമ്പ് എസി മിലാനെ കാത്തിരിക്കുന്നത്. അതിനാൽ തന്നെ താരത്തിന്റെ അഭാവം എങ്ങനെ നികത്തുമെന്ന ചിന്തയിലാണ് എസി മിലാൻ.

Leave a Reply

Your email address will not be published. Required fields are marked *