ഇങ്ങനെയെങ്കിൽ യുവെൻ്റസിനെ സീരി Aയിൽ നിന്നും പുറത്താക്കും: FlGC ചീഫ്

കഴിഞ്ഞ ഒമ്പത് വർഷമായി കൈവശം വെച്ച സീരി A കിരീടം ഇത്തവണ കൈവിട്ട വിഷമത്തിലാണ് യുവെൻ്റസും ആരാധകരും. അതിനിടയിലാണിപ്പോൾ ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷനായ FIGCയുടെ പ്രസിഡൻ്റ് ഗബ്രിയേൽ ഗ്രവീന അടുത്ത സീസണിൽ സീരി Aയിൽ പങ്കെടുക്കുന്നതിൽ നിന്നും അവരെ വിലക്കുമെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്നും പിൻമാറിയില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് പോകേണ്ടി വരുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

റേഡിയോ കിസ് കിസ്സിനോട് ഗ്രവീന പറഞ്ഞതിങ്ങനെ: “നിയമങ്ങൾ വളരെ വ്യക്തമാണ്, യുവെൻ്റസ് യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്നും പിന്മാറിയില്ലെങ്കിൽ അടുത്ത സീസണിൽ അവർക്ക് സീരി Aയിൽ പങ്കെടുക്കാനാവില്ല. ആരാധകർക്ക് വിഷമമുണ്ടാവും, പക്ഷേ നിയമങ്ങൾ എല്ലാവർക്കും ഒരു പോലെയാണ്.”

പാളിപ്പോയ സംരംഭമായ യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്നും ഇനിയും പിന്മാറിയിട്ടില്ലാത്ത മൂന്ന് ടീമുകളിൽ ഒന്നാണ് യുവെൻ്റസ്. സ്പാനിഷ് ക്ലബ്ബുകളായ റയൽ മാഡ്രിഡും FC ബാഴ്സലോണയുമാണ് മറ്റു ടീമുകൾ. കഴിഞ്ഞ ദിവസം ഈ ക്ലബ്ബുകൾക്കെതിരെ നടപടിയെടുക്കുമെന്ന് യുവേഫയും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ യുവേഫയുടെ ഭീഷണിക്ക് വഴങ്ങാൻ ഉദ്ദേശമില്ലെന്ന തരത്തിൽ മൂന്ന് ക്ലബ്ബുകളും ഒരുമിച്ച് പ്രസ്താവന ഇറക്കിയാണ് അതിനെ നേരിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *