അൽ നസ്ർ പുറത്താക്കിയ റൂഡി ഗാർഷ്യ ഇനി നാപോളിയുടെ പരിശീലകൻ!
ഈ കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു ഇറ്റാലിയൻ ക്ലബ്ബായ നാപോളി പുറത്തെടുത്തത്. 30 വർഷത്തിന് ശേഷം സിരി എ കിരീടം നേടാൻ അവർക്ക് സാധിച്ചിരുന്നു. മാത്രമല്ല യുവേഫ ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനം നാപോളി നടത്തിയിരുന്നു. എന്നാൽ ഇതിനുവേണ്ടിയൊക്കെ പ്രധാനമായും പ്രവർത്തിച്ച അവരുടെ പരിശീലകൻ ഇനി ക്ലബ്ബിനോടൊപ്പമുണ്ടാവില്ല.
ഈ സീസൺ അവസാനിച്ചതിന് പിന്നാലെ നാപോളിയുടെ പരിശീലക സ്ഥാനത്തു നിന്നും ലൂസിയാനോ സ്പല്ലേറ്റി പടി ഇറങ്ങിയിരുന്നു. ഒരു ഇടവേള എടുക്കാൻ വേണ്ടിയാണ് സ്പല്ലേറ്റി പരിശീലക സ്ഥാനം രാജി വെച്ചിരുന്നത്. ഏതായാലും പകരക്കാരനായി കൊണ്ട് നാപോളി റൂഡി ഗാർഷ്യയെയാണ് സ്വന്തമാക്കിയിട്ടുള്ളത്.നാപോളിയുടെ പ്രസിഡന്റ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്. അദ്ദേഹം തന്റെ ട്വിറ്ററിൽ കുറിച്ച വാക്കുകൾ ഇങ്ങനെയാണ്.
“നാപോളിയുടെ പുതിയ പരിശീലകനായി കൊണ്ട് റൂഡി ഗാർഷ്യയെ ഞങ്ങൾ പ്രഖ്യാപിക്കുന്നു. കഴിഞ്ഞ 10 ദിവസത്തോളമായി ഞങ്ങൾ അദ്ദേഹവുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ഞങ്ങൾ അദ്ദേഹത്തിന് സ്വാഗതമോതുന്നു.മാത്രമല്ല എല്ലാവിധ ആശംസകളും നേരുന്നു ” ഇതാണ് നാപോളിയുടെ പ്രസിഡന്റ് കുറിച്ചിട്ടുള്ളത്.
🚨 BREAKING: Rudi Garcia has been appointed as new Napoli head coach, he replaces Spalletti with immediate effect.
— Fabrizio Romano (@FabrizioRomano) June 15, 2023
Former Roma, Lille and Al Nassr coach has signed the contract today. pic.twitter.com/EMlCyuPEap
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വരുമ്പോൾ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിന്റെ പരിശീലക സ്ഥാനത്ത് ഉണ്ടായിരുന്നത് ഇതേ റൂഡി ഗാർഷ്യ തന്നെയായിരുന്നു.എന്നാൽ പിന്നീട് മോശം പ്രകടനത്തെ തുടർന്ന് അദ്ദേഹത്തെ അൽ നസ്ർ പുറത്താക്കുകയായിരുന്നു. നേരത്തെ ഇറ്റാലിയൻ ലീഗിൽ പരിശീലിപ്പിച്ച് പരിചയമുള്ള പരിശീലകനാണ് റൂഡി ഗാർഷ്യ. 2013 മുതൽ 2016 വരെ റോമയെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഏതായാലും മികച്ച നിലയിലുള്ള നാപോളിയെ കൂടുതൽ മികച്ചതാക്കുക എന്ന വെല്ലുവിളിയാണ് ഈ ഫ്രഞ്ച് പരിശീലകന്റെ മുന്നിലുള്ളത്.