അവർ സിംഹത്തെയാണ് പൂട്ടിയിട്ടത്, ഗംഭീരപ്രകടനത്തിന് ശേഷം ഇബ്രാഹിമോവിച്ച് പറയുന്നു !

കോവിഡിൽ നിന്ന് മുക്തനായ ശേഷം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് കളിച്ച ആദ്യ മത്സരമായിരുന്നു ഇന്നലെ. നഗരവൈരികളായ ഇന്റർമിലാനോടെതിരെയുള്ള മത്സരമായിട്ട് പോലും സ്ലാട്ടൻ ഉജ്ജ്വലപ്രകടനമാണ് നടത്തിയത്. താരത്തിന്റെ ഇരട്ടഗോൾ മികവിൽ ഇന്റർമിലാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എസി മിലാൻ തകർത്തു വിട്ടത്. മത്സരത്തിന്റെ പതിമൂന്ന്, പതിനാറ് മിനുട്ടുകളിലാണ് സ്ലാട്ടൻ വലകുലുക്കിയത്. ഇപ്പോഴിതാ മത്സരത്തിന് ശേഷം വളരെ ആവേശഭരിതനായി കൊണ്ട് സംസാരിച്ചിരിക്കുകയാണ് താരം. അവർ തെറ്റായ മൃഗത്തെയാണ് പൂട്ടിയിട്ടതെന്ന് പ്രസ്താവിച്ച ശേഷം താരം തന്റെ ട്വിറ്ററിൽ സിംഹത്തിന്റെ ഫോട്ടോ പങ്കുവെക്കുകയും ചെയ്തു. കോവിഡ് മൂലം വീട്ടിലിരുന്നതിനെ ലക്ഷ്യം വെച്ചാണ് താരം ഇങ്ങനെ പ്രസ്താവിച്ചത്. അത് വളരെയധികം മടുപ്പുണ്ടാക്കിയെന്നും സ്ലാട്ടൻ കൂട്ടിച്ചേർത്തു.

” ഞാൻ വളരെയധികം വിശപ്പുള്ളവനായിരുന്നു. അവർ സിംഹത്തെയാണ് വീട്ടിനുള്ളിൽ പൂട്ടിയിട്ടത്. വീടിനുള്ളിൽ ഇരിക്കുക എന്നുള്ളത് തന്നെ സംബന്ധിച്ചെടുത്തോളം വളരെയധികം ബുദ്ധിമുട്ടേറിയ ഒന്നാണ്. അതെനിക്ക് മനപ്രയാസമുണ്ടാക്കി. എന്റെ ശരീരം പ്രവർത്തിച്ചു കൊണ്ടിരിക്കാൻ വേണ്ടി തുടിച്ചു. ഞാൻ കളിക്കാൻ വേണ്ടി ആഗ്രഹിച്ചു. ഞാൻ ഈ മത്സരത്തിന് വേണ്ടി കാത്തിരുന്നു കൊണ്ട് വീട്ടിൽ തന്നെ തുടർന്നു. ടീമിലേക്ക് മടങ്ങാനും അവരോടൊപ്പം പ്രവർത്തിക്കാനും ഞാൻ കാത്തിരിക്കുകയായിരുന്നു ” സ്ലാട്ടൻ പറഞ്ഞു. ഈ സീസണിലും തകർപ്പൻ ഫോമിലാണ് താരം. കേവലം മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളാണ് സ്ലാട്ടൻ ഇതുവരെ അടിച്ചു കൂട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *