അറ്റലാൻ്റ കടക്കാൻ ഡിബാലയെ കൂട്ട് പിടിച്ച് CR7 നടത്തുന്ന ശ്രമം വിജയിക്കുമോ?

ഇറ്റാലിയൻ സീരി Aയിൽ ഇന്ന് യുവെൻ്റസും അറ്റലാൻ്റയും തമ്മിൽ ഏറ്റുമുട്ടുകയാണ്. ടൂറിനിലെ അലിയൻസ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഇന്ത്യൻ സമയം 1:15നാണ് മത്സരം ആരംഭിക്കുക. 31 മത്സരങ്ങളിൽ നിന്നും 75 പോയിൻ്റുമായി ലീഗ് ടേബിളിൽ ഒന്നാമതാണിപ്പോൾ യുവെൻ്റസ്. ഇത്രയും മത്സരങ്ങളിൽ നിന്നും 66 പോയിൻ്റുള്ള അറ്റലാൻ്റ മൂന്നാം സ്ഥാനത്തുണ്ട്. മികച്ച രണ്ട് ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്നതിനാൽ കടുത്ത പോരാട്ടമാണ് ഫുട്ബോൾ പ്രേമികൾ പ്രതീക്ഷിക്കുന്നത്.

മികച്ച ഫോമിലാണിപ്പോൾ അറ്റലാൻ്റ. എല്ലാ കോമ്പറ്റീഷനുകളിലുമായി കഴിഞ്ഞ 13 മത്സരങ്ങളിൽ അവർ തോൽവി അറിഞ്ഞിട്ടില്ല. സീരി Aയിൽ ഈ സീസണിൽ ഇതുവരെ ഏറ്റവും അധികം ഗോളുകൾ അടിച്ചിട്ടുള്ള ടീമും കൂടിയാണവർ. 85 ഗോളുകളാണ് 31 മത്സരങ്ങളിൽ നിന്നും അവർ അടിച്ചുകൂട്ടിയത്. അതേ സമയം കഴിഞ്ഞ മത്സരത്തിൽ AC മിലാനോട് 2നെതിരെ 4ഗോളുകൾക്ക് പരാജയപ്പെട്ടാണ് യുവെൻ്റസ് വരുന്നത്. അവരുടെ അർജൻ്റൈൻ സൂപ്പർ താരം പൗളോ ഡിബാലക്കും ഡച്ച്ഡിഫൻ്റർ മാറ്റിസ് ഡി ലൈറ്റിനും സസ്പെൻഷൻ മൂലം ആ മത്സരം കളിക്കാനായിരുന്നില്ല. ഇരുവരുടെയും അഭാവം മിലാനെതിരെ യുവെൻ്റസിന് തിരിച്ചടിയാവുകയും ചെയ്തു. എന്നാൽ ഈ മത്സരത്തിൽ ഇരുവരും തിരിച്ചെത്തും. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡൊക്കൊപ്പം ഡിബാല മുന്നേറ്റ നിരയിൽ തിളങ്ങിയാൽ, ഡി ലൈറ്റ് അടങ്ങുന്ന പ്രതിരോധം കരുത്ത് കാട്ടിയാൽ യുവെൻ്റസിന് വിജയിച്ചു കയറാൻ കഴിയുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *