അറ്റലാന്റയെ കീഴടക്കി, കോപ്പ ഇറ്റാലിയ കിരീടം ചൂടി യുവന്റസ്!

കരുത്തരായ അറ്റലാന്റയെ കീഴടക്കി കൊണ്ട് ഈ സീസണിലെ കോപ്പ ഇറ്റാലിയ കിരീടം യുവന്റസ് സ്വന്തമാക്കി.ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുവന്റസ് തകർത്തു വിട്ടത്.അറ്റലാന്റയുടെ കനത്ത വെല്ലുവിളി അതിജീവിച്ചാണ് ക്രിസ്റ്റ്യാനോയും സംഘവും കിരീടത്തിൽ മുത്തമിട്ടത്. ഇത്‌ പതിനാലാം തവണയാണ് യുവന്റസ് കോപ്പ ഇറ്റാലിയ നേടുന്നത്. ഏറ്റവും കൂടുതൽ തവണ നേടിയ ടീം എന്ന റെക്കോർഡും യുവന്റസിന്റെ കരങ്ങളിൽ തന്നെ. ഗോളും അസിസ്റ്റുമായി തിളങ്ങിയ ഡേജാൻ കുലുസെവ്സ്ക്കിയാണ് യുവന്റസിന്റെ വിജയനായകൻ.

മത്സരത്തിന്റെ മുപ്പത്തിയൊന്നാം മിനുട്ടിലാണ് യുവന്റസിന് ലീഡ് നേടാൻ സാധിക്കുന്നത്.വെസ്റ്റേൺ മക്കെന്നിയുടെ അസിസ്റ്റിൽ നിന്ന് കുലുസെവ്സ്ക്കിയാണ് ഗോൾ നേടിയത്. എന്നാൽ പത്ത് മിനുട്ടിന് ശേഷം അറ്റലാന്റ ഈ ഗോളിന് പകരം വീട്ടി.41-ആം മിനുട്ടിൽ മാലിനോവ്സ്ക്കിയാണ് അറ്റലാന്റക്ക് സമനില നേടികൊടുത്തത്. ഇതോടെ ആദ്യപകുതി 1-1 എന്ന സ്‌കോറിൽ അവസാനിച്ചു.രണ്ടാം പകുതിയിൽ 73-ആം മിനുട്ടിലാണ് യുവന്റസ് വിജയഗോൾ നേടിയത്. കുലുസെവ്സ്ക്കിയുടെ അസിസ്റ്റിൽ നിന്ന് കിയേസയാണ് ഗോൾ നേടിയത്.ഈ ഗോളിന് മറുപടി നൽകാൻ അറ്റലാന്റക്ക് കഴിഞ്ഞില്ല.88-ആം മിനുട്ടിൽ റഫയേൽ റെഡ് കാർഡ് കണ്ട് പുറത്ത് പോയതോടെ അറ്റലാന്റ തോൽവി സമ്മതിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *