അറുപത് വർഷത്തെ ചരിത്രം മാറ്റിയെഴുതി ക്രിസ്റ്റ്യാനോ, ചരിത്രനേട്ടം സ്വന്തം പേരിലാക്കി ബുഫൺ

ഇന്നലെ നടന്ന യുവന്റസ് vs ടോറിനോ മത്സരം സാക്ഷ്യം കുറിച്ചത് രണ്ട് ചരിത്രനേട്ടങ്ങൾക്കാണ് സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ജിയാൻലൂയിജി ബുഫണുമാണ് ഈ ചരിത്രനേട്ടത്തിനുടമകൾ. അറുപത് വർഷം പഴക്കമുള്ള റെക്കോർഡാണ് ഇന്നലെത്തോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ തിരുത്തിയെഴുതിയത്. ഇന്നലെ ഫ്രീകിക്കിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോൾ താരത്തിന്റെ ഈ സിരി എ സീസണിലെ 25-ആം ഗോളായിരുന്നു. അതായത് ഒരു യുവന്റസ് താരം ഒരു സിരി എ സീസണിൽ ഇരുപത്തിയഞ്ച് ഗോളുകൾ നേടിയിട്ട് അറുപത് വർഷത്തോളമായി. 1960-61 സീസണിൽ യുവന്റസിന്റെ താരമായിരുന്ന ഒമർ സിവോറിയായിരുന്നു അവസാനമായി ഒരു സിംഗിൾ സീസണിൽ ഇരുപത്തിയഞ്ച് ഗോളുകൾ നേടിയ അവസാനതാരം. ഈ റെക്കോർഡ് ആണ് റൊണാൾഡോ സ്വന്തം പേരിലേക്ക് മാറ്റിയത്. 26 മത്സരങ്ങളിൽ നിന്നാണ് താരം 25 ഗോളുകൾ നേടിയത്. യുവന്റസിന്റെ ഇതിഹാസതാരങ്ങൾ ആയിരുന്നു ഡെൽപിയറോ, റോബർട്ടോ ബാജിയോ, മിഷേൽ പ്ലാറ്റിനി എന്നിവർക്ക് നേടാൻ കഴിയാത്ത നേട്ടമാണ് റൊണാൾഡോയിപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.

അതേ സമയം മറ്റൊരു ചരിത്രനേട്ടമാണ് യുവന്റസിന്റെ ഇതിഹാസഗോൾകീപ്പറായ ബുഫൺ സ്വന്തം പേരിലാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ സിരി മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് ഇനി ബുഫണിന്റെ പേരിലാണ്. ഇന്നലത്തെ മത്സരത്തോട് കൂടി താരം 648 സിരി എ മത്സരങ്ങളിലാണ് ബൂട്ടണിഞ്ഞത്. ഇതിഹാസതാരം പൌലോ മാൾഡീനിയുടെ റെക്കോർഡ് ബുഫൺ മറികടന്നത്. 1995 ൽ തന്റെ പതിനേഴാം വയസ്സിൽ പാർമക്ക് വേണ്ടി മിലാനെതിരെയാണ് ബുഫൺ സിരി എയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 647 മത്സരങ്ങൾ അദ്ദേഹം കളിച്ചു. ഈ മത്സരങ്ങളിൽ നിന്നായി 524 ഗോളുകൾ വഴങ്ങിയ അദ്ദേഹം 296 തവണ ക്ലീൻഷീറ്റ് നേടി. ഏറ്റവും കൂടുതൽ നേരം തോൽവി അറിയാതെ കളിച്ച സിരി എ ഗോൾകീപ്പർ എന്ന റെക്കോർഡും ഇദ്ദേഹത്തിന്റെ പേരിലാണ്. തന്റെ കരിയറിൽ ആകെ 1115 മത്സരങ്ങൾ ബുഫൺ കളിച്ചിട്ടുണ്ട്. ആകെ വഴങ്ങിയത് 920 ഗോളുകളാണ്. അതേ സമയം എല്ലാ കോംപിറ്റീഷനുകളിലുമായി യുവന്റസിന് വേണ്ടി 670 മത്സരങ്ങൾ കളിച്ച താരം 316 ക്ലീൻഷീറ്റുകൾ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *