അമ്മയുടെ അഭ്യർത്ഥന മാനിച്ചു,ഡിബാല ചേക്കേറുക ആ ക്ലബ്ബിലേക്ക് തന്നെ!

യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാല ക്ലബ്ബ് വിടുകയാണ് എന്നുള്ളത് നേരത്തെതന്നെ സ്ഥിരീകരിക്കപ്പെട്ട ഒരു കാര്യമാണ്.ഫ്രീ ഏജന്റായി കൊണ്ടാണ് അദ്ദേഹം യുവന്റസിനോട് വിടപറയുന്നത്. നേരത്തെ തന്നെ യുവന്റസ് താരത്തിന് യാത്രയയപ്പ് നൽകുകയും ചെയ്തിരുന്നു.

അതേസമയം യുവന്റസിന്റെ എതിരാളികളായ ഇന്റർ മിലാനിലേക്കാണ് താരം പോവുന്നത് എന്നുള്ള വാർത്തകൾ സജീവമായിരുന്നു. ഇതോടുകൂടി യുവന്റസ് ആരാധകർ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. പലരും സാമൂഹിക മാധ്യമങ്ങളിൽ ചതിയൻ എന്നായിരുന്നു ഡിബാലയെ മുദ്രകുത്തിയിരുന്നത്.

എന്നാൽ ദിബാല തന്റെ തീരുമാനത്തിൽ യാതൊരുവിധ മാറ്റങ്ങളും വരുത്തിയിട്ടില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്റർ മിലാനിലേക്ക് തന്നെ ചേക്കേറാനാണ് ഡിബാല തീരുമാനിച്ചിട്ടുള്ളത്.

താരത്തിന്റെ അമ്മയാണ് ഇക്കാര്യത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുള്ളത്.അതായത് ഡിബാലയുടെ അമ്മയായ ആലിസിയ ഇന്ററിനെ തിരഞ്ഞെടുക്കാൻ താരത്തോട് അഭ്യർത്ഥിക്കുകയായിരുന്നു.അഭ്യർത്ഥന ഡിബാല മാനിക്കുകയായിരുന്നു. ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇന്റർ മിലാൻ അധികൃതരും ഡിബാലയുടെ പ്രതിനിധികളും ഈയിടെ ചർച്ചകൾ നടത്തിയിരുന്നു. നാലു വർഷത്തെ കരാറിലായിരിക്കും ഡിബാല ഒപ്പ് വെക്കുക. ഏഴ് മില്യൺ യുറോയോളമായിരിക്കും വാർഷിക സാലറിയായി കൊണ്ട് ഡിബാലക്ക് ലഭിക്കുക. ഉടൻ തന്നെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *